• Breaking News

    ഡി.വൈ.എഫ്.ഐ നേതാവിനെ പിടിക്കാന്‍ വീട്ടില്‍ തോക്കുമായെത്തി പൊലീസ്

    Police come to the house to arrest the DYFI leader,www.thekeralatimes.com

    കായംകുളത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ പിടികൂടാന്‍ അർദ്ധരാത്രി പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തിയ സംഭവം വിവാദത്തിൽ. യുവതിയും കുഞ്ഞും തനിച്ചുള്ളപ്പോള്‍ സി.ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ തോക്കെടുത്ത് അതിക്രമം കാണിച്ചെന്നാണ് പരാതി. എന്നാല്‍ ക്രമിനല്‍ കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് മാസങ്ങളായി ഒളിവിലാണെന്നും ഇയാളെ പിടികൂടാനാണ് വീട്ടില്‍പരിശോധന നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.

    കായംകുളത്തെ ഡി.വൈ.എഫ്.‌ഐ പ്രാദേശിക നേതാവ് സാജിദ് ഷാജഹാന്റെ വീട്ടില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊലീസ് എത്തിയത്. കയ്യില്‍ തോക്കുമായെത്തിയ കായംകുളം സി.ഐ ഗോപകുമാർ മുറികള്‍ തുറന്ന് പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീടിന് താഴെയായി മറ്റ് പൊലീസുകാരും അണിനിരന്നു. തോക്കുചൂണ്ടി മോശമായി സംസാരിച്ചുവെന്നാണ് ഡി.വൈ.എഫ്.ഐയുടെ പരാതി. വനിതാകമ്മിഷനും പരാതി നൽകിയിട്ടുണ്ട്.

    എംഎസ്എം കോളജിലെ അടിപിടികേസ് ഉള്‍പ്പടെ നാലു കേസുകളില്‍ പ്രതിയാണ് സാജിദ് എന്ന് പൊലീസ് പറഞ്ഞു. അറസ്റ്റുചെയ്യാതിരിക്കാന്‍ പാര്‍ട്ടി ഓഫിസിലാണ് രാത്രി കഴിയുന്നത്. നോമ്പുകാലമായതിനാല്‍ വീട്ടിലെത്തിയിട്ടുണ്ടാകാം എന്ന സംശയത്തിലാണ് പരിശോധന നടത്തിയതെെന്നും മാരകായുധങ്ങള്‍ ഉപയോഗിക്കുന്ന ആളായതിനാലാണ് സ്വയരക്ഷയ്ക്ക് തോക്ക് കരുതിയതെന്നും പൊലീസ് അറിയിച്ചു.