• Breaking News

    പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേരളം റെഡി; നടപടി വ്യക്തമാക്കാനാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കത്ത്

    Kerala ready for repatriation Letter from the Central Government to the States to clarify the action,www.thekeralatimes.com

    ന്യൂഡൽഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

    സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് കത്തയച്ചത്. വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഉന്നതതലയോഗം ചേരുന്നുണ്ട്.

    വിദേശകാര്യമന്ത്രാലയം ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര നടപടികള്‍.

    കേരളം പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്രം തീരുമാനമെടുക്കുക.

    വിദേശരാജ്യങ്ങളില്‍ നിന്ന് വിമാനസര്‍വീസുകള്‍ തുടങ്ങിയാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

    കൊവിഡ് കാലത്ത് ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ താല്‍ക്കാലികസന്ദര്‍ശകരെയും, രോഗികളെയുമെങ്കിലും തിരികെ എത്തിക്കണമെന്ന് പല തവണ കേരളം കേന്ദ്രസര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.

    പ്രവാസികളെ പരിശോധിക്കുന്നതിനായി കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളോടനുബന്ധിച്ചും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വരുന്നവരെ പരിശോധിക്കാനും ക്വാറന്റൈന്‍ ചെയ്യാനും ആ ഘട്ടത്തില്‍ എല്ലാ സൗകര്യങ്ങളും നല്‍കാനും ആലോചിച്ചിട്ടുണ്ട്. അതിനുള്ള താമസസൗകര്യം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

    തിരിച്ചെത്തുന്നവരുടെ പരിശോധനയ്ക്കായി ആശുപത്രി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വരുന്നവരുടെ വിശദാംശങ്ങള്‍ പരിശോധിച്ച് ക്വാറന്റൈന്‍ ചെയ്യേണ്ട സ്ഥലം ആരോഗ്യവകുപ്പ് നിശ്ചയിക്കും. ഗതാഗതവകുപ്പ് യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളങ്ങള്‍ക്കു സമീപം ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ചുമതല തദ്ദേശസ്വയംഭരണ വകുപ്പും പൊതുമരാമത്ത് വകുപ്പും സംയുക്തമായി നിര്‍വഹിക്കും.

    ക്വാറന്റൈന്‍ സെന്ററുകളില്‍ ആളുകളെ പരിശോധിച്ച് നെഗറ്റീവ് റിസള്‍ട്ടുള്ളവരെ വീടുകളിലേക്ക് നിരീക്ഷണത്തിന് അയക്കും. വിദേശങ്ങളില്‍നിന്നു വരുന്നവര്‍ നോര്‍ക്കയിലോ എംബസി മുഖേനയോ രജിസ്റ്റര്‍ ചെയ്യണം. വയോജനങ്ങള്‍, വിസിറ്റിങ് വിസയില്‍ പോയി മടങ്ങുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, കൊവിഡ് അല്ലാത്ത ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കാനാണ് ഉദ്ദേശ്യമെന്നും സംസ്ഥാനം അറിയിച്ചിരുന്നു.