അഹമ്മദാബാദില്‍ കോണ്‍ഗ്രസ് നേതാവ് കോവിഡ് ബാധിച്ച് മരിച്ചു; 24 മണിക്കൂറിനിടെ ഗുജറാത്തില്‍ മരിച്ചത് 18 പേർ
അഹമ്മദാബാദില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കോവിഡ് ബാധിച്ച് മരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായ ബദറുദ്ദീന്‍ ഷെയ്ഖ് ആണ് ഞായറാഴ്ച രാത്രി മരിച്ചത്. 24 മണിക്കൂറിനിടെ ഗുജറാത്തില്‍ മരിച്ചത് 18 പേരാണ്. ഇതോടെ മൊത്തം മരണസംഖ്യ 133 ആയി.
ഏപ്രില്‍ 15ന് ആണ് ബദറുദ്ദീന്‍ ഷെയ്ഖിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആസ്പത്രയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കടുത്ത രോഗലക്ഷണങ്ങളെത്തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന ബദറുദ്ദീന്‍ ഷെയ്ഖിന്റെ നില ഗുരുതരമാകുകയായിരുന്നു.
200ല്‍ അധികം കൊറോണ വൈറസ് ബാധിതരുള്ള ബെഹ്‌റാംപുര വാര്‍ഡ് അംഗമാണ് ബദറുദ്ദീന്‍ ഷെയ്ഖ്. മറ്റൊരു കോണ്‍ഗ്രസ് നേതാവായ ഇമ്രാന്‍ ഖേഡ്വാലയും കൊറോണ വൈറസ് ബാധിതനായിട്ടുണ്ട്.
മഹാരാഷ്ട്ര കഴിഞ്ഞാള്‍ ഏറ്റവുമധികം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന സംസ്ഥാനം ഗുജറാത്ത് ആണ്. 3,071 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 230 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഗുജറാത്തില്‍ മരിച്ചത് 18 പേരാണ്. ഇതോടെ മൊത്തം മരണസംഖ്യ 133 ആയി.
മഹാരാഷ്ട്രയില്‍ 7,628 രോഗബാധിതരും 323 മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയില്‍ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 26917 ഉം മരണം 826ഉം ആണ്.