• Breaking News

    പൊലീസ് പുറത്തിറക്കുന്ന കൊവിഡ് പ്രതിരോധ വീഡിയോകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡിജിപി

    DGP restricts Covid defense videos released by police,www.thekeralatimes.com

    കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തിറക്കുന്ന വീഡിയോകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡിജിപി ലോക്‌നാഥ് ബെഹ്റ. കൊവിഡ് ഡ്യൂട്ടിയിൽ കൂടുതൽ ശ്രദ്ധിക്കാനും നിർദേശം നൽകി. വീഡിയോകൾ ചെയ്യാൻ സിനിമാ താരങ്ങളെയടക്കം നിർബന്ധിക്കുന്നത് അവസാനിപ്പിക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.

    കൊവിഡ് ബാധയുടെയും, ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ ബോധവത്കരണത്തിന്റെ ഭാഗമായി പൊലീസിലെ സോഷ്യൽ മീഡിയ സെല്ലും, ഇൻഫർമേഷൻ സെന്ററും നിരവധി വീഡിയോകൾ പുറത്തിറക്കിയിരുന്നു. ഇവ സോഷ്യൽ മീഡിയയിലടക്കം വലിയ സ്വീകാര്യതയും നേടി. ഇതിനു പിന്നാലെ ജില്ലകൾ കേന്ദ്രീകരിച്ചടക്കം വ്യാപകമായി ഹ്രസ്വ വീഡിയോകൾ പൊലീസ് പുറത്തിറക്കി. അനുമതി കൂടാതെ സിനിമ താരങ്ങളെയടക്കം ഉപയോഗിച്ച് വീഡിയോ ഇറക്കുന്നത് ഉന്നത പൊലീസുദ്യോഗസ്ഥർക്കിടയിൽ ചർച്ചയായിരുന്നു. ഇതോടെയാണ് വീഡിയോകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശിച്ച് ഡിജിപി സർക്കുലർ ഇറക്കിയത്.

    കൊവിഡ് ഡ്യൂട്ടിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഡിജിപി ഇറക്കിയ സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. വീഡിയോകൾ ചെയ്യാൻ സിനിമാ താരങ്ങളെയടക്കം നിർബന്ധിക്കുന്നത് അവസാനിപ്പിക്കണം. ജോലി സംബന്ധമായ ബോധവത്കരണ വീഡിയോകൾ യൂണിറ്റ് മേധാവിയുടെ അനുമതിയോടെ നിർമിക്കാം. പ്രത്യേക ചിത്രീകരണം വേണ്ട വീഡിയോകൾ ചെയ്യുന്നതിന് ഡിജിപിയുടെയോ പൊലീസ് ആസ്ഥാനത്തെ എഡിജിപിയുടെയോ അനുമതി വേണമെന്നും സർക്കുലറിൽ പറയുന്നു.