കൊല്ലത്ത് വൃദ്ധയെ കൊലപ്പെടുത്തി; മകളും ചെറുമകനും അറസ്റ്റില്‍
പരവൂര്‍: കൊല്ലത്ത് വൃദ്ധയെ മകളും ചെറുമകനും ചേര്‍ന്ന് കൊലപ്പെടുത്തി. പുത്തന്‍കുളം പറണ്ടക്കുളത്ത് കല്ലുവിള വീട്ടില്‍ കൊച്ചു പാര്‍വ്വതി (88) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകളെയും ചെറുമകനേയും പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചു പാര്‍വ്വതിയുടെ മകള്‍ ശാന്തകുമാരി, ശാന്തകുമാരിയുടെ മകന്‍ സന്തോഷ് എന്നിവരെയാണ് പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് പേരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് കൊച്ചു പാര്‍വ്വതി മരിച്ച വിവരം പോലീസ് അറിയുന്നത്. വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും സംസ്‌കാര നടപടികള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അയല്‍വാസികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൂന്നുപേരും ചേര്‍ന്ന് വഴക്കിട്ട വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് മരണത്തില്‍ സംശയം തോന്നിയ പോലീസ് സംസ്‌കാരം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതോടെ ശാന്തകുമാരിയെയും സന്തോഷിനെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. ശാന്തകുമാരിയെയും സന്തോഷിനേയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.