• Breaking News

    കൃത്യതയില്ലാത്ത ചൈനീസ് കൊവിഡ് പരിശോധനാ കിറ്റുകൾ വാങ്ങിയ കേന്ദ്ര നടപടിയെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ

    Shashi Tharoor severely criticizes the Center for procuring inaccurate Chinese Kovid test kits,www.thekeralatimes.com

    ചൈനയിൽ നിന്ന് കൊവിഡ് പരിശോധനാ കിറ്റുകൾ വാങ്ങിയ കേന്ദ്രത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. ചൈനയിൽ നിന്ന് പരിശോധനയിൽ പിഴവ് വരുത്തുന്ന കൊവിഡ് റാപിഡ് ആന്റിബോഡി കിറ്റുകൾ വാങ്ങി സർക്കാർ സമയവും പണവും നഷ്ടപ്പെടുത്തിയെന്ന് ശശി തരൂർ ഡൽഹിയിൽ വച്ച് പറഞ്ഞു. അഞ്ച് ശതമാനം മാത്രം പരിശോധനാ ഫലത്തിൽ കൃത്യതയുള്ള കിറ്റുകൾ വാങ്ങിയ സർക്കാരും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നയത്തിലും നടപടികളിലും പരാജയമാണെന്നും തരൂർ.

    കിറ്റ് തെറ്റായ ഫലം കാണിക്കുന്നുവെന്ന പരാതി നിരവധി സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്നിരുന്നു. അതേ തുടർന്ന് റാപിഡ് ആന്റിബോഡി ടെസ്റ്റുകളുടെ ഗുണനിലവാരം പരിശോധിക്കുമെന്നും അതുവരെ ഉപയോഗം നിർത്തിവയ്ക്കണമെന്നും ഐസിഎംആർ നിർദേശിച്ചു. ഇങ്ങനെ ചെയ്ത് പൊതുപണം പാഴാക്കുന്നതിനും പൊതുജനാരോഗ്യം അപകടത്തിലാക്കുന്നതിനും ആരാണ് ഉത്തരവാദിയെന്ന് ശശി തരൂർ. അമേരിക്ക, ജർമനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ പോലെ സ്വന്തമായി കിറ്റുകൾ വികസിപ്പിച്ചെടുക്കുകയാണ് ഇതിനുള്ള ഉത്തരം. അതിന്റെ സാധ്യത സർക്കാർ പരിശോധിച്ചില്ല. പൊതുജനാരോഗ്യം പൊതുപണം എന്നീ കാര്യങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.

    ഇന്ത്യ ചൈനയിൽ നിന്നുള്ള രണ്ട് കമ്പനികളിൽ നിന്ന് അഞ്ച് ലക്ഷം റാപിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്. സംസ്ഥാനങ്ങൾ ഇവ വിതരണം ചെയ്യപ്പെട്ടുകഴിഞ്ഞ് പരിശോധനയ്ക്കായി എടുത്തപ്പോഴാണ് ആരോഗ്യ പ്രവർത്തകർ കൃത്യതയെക്കുറിച്ച് പരാതികൾ ഉന്നയിക്കാൻ ആരംഭിച്ചത്. ചൈനയിൽ നിന്ന് ഗുണനിലവാരം ഇല്ലാത്ത പരിശോധനാ കിറ്റുകളും മറ്റ് ഉപകരണങ്ങളും ലഭിച്ചതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ അവ തിരിച്ചയച്ചിരുന്നു. അവരുടെ അനുഭവങ്ങൾ കൺമുന്നിലുണ്ടായിട്ടും പാഠം പഠിക്കാതെ തെറ്റ് ആവർത്തിച്ച് ചൈനയിൽ നിന്ന് കിറ്റുകൾ വാങ്ങിയത് വിഡ്ഢിത്തമാണ്.