നോട്ട് നിരോധനത്തിന്റെ സമയത്ത് ഇത്തരം മോശം ഭരണമാതൃക നമ്മൾ കണ്ടതാണ്: മോദി സർക്കാരിനെ വിമർശിച്ച് യെച്ചൂരി
സർക്കാരിന്റെ കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മോദിയുടെ ഭരണരീതിയിൽ ജനാധിപത്യ ഉത്തരവാദിത്തം നഷ്‌ടമായിരിക്കുന്നുവെന്നും വീണ്ടുവിചാരമില്ലാത്ത പ്രതികരണങ്ങളിലൂടെ സർക്കാർ അതിന്റെ കഴിവില്ലായ്മ തെളിയിക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
മോദി സർക്കാർ സംസ്ഥാനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നുവെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു. ഗുരുതരമായ ആരോഗ്യ അടിയന്തിരാവസ്ഥയും സാമ്പത്തിക ദുരിതവും നേരിടുന്ന സമയത്ത് പ്രധാനമന്ത്രിക്ക് ഒരു പുതിയ വസതിയും “മറ്റ് പബ്ലിക് റിലേഷൻസ് അഭ്യാസങ്ങളും” ഉൾപ്പെടുന്ന സെൻട്രൽ വിസ്റ്റ പദ്ധതി പോലുള്ള “അനാവശ്യമായ പാഴ് ചെലവുകളുമായി” കേന്ദ്രം മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ വീടുകളിൽ എത്താൻ സഹായവും മറ്റ് ദരിദ്രർക്ക് പ്രതിമാസം 7,500 രൂപയും ആവശ്യപ്പെട്ട് മോദിക്ക് നൽകിയ കത്തിന് മറുപടി ലഭിച്ചിട്ടില്ല എന്നുമാത്രമല്ല കത്ത് ശ്രദ്ധയിൽ പെട്ടതായി പോലും അറിയിച്ചിട്ടില്ല എന്ന് യെച്ചൂരി പറഞ്ഞു.
“മനസ്സിലാക്കാൻ കഴിയാത്ത ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് കേന്ദ്രസർക്കാരിന്റെ പതിവായിരിക്കുന്നു, അതിനുശേഷം ആ ഉത്തരുവുകൾക്ക് ഒന്നിലധികം വിശദീകരണങ്ങളും ചിലപ്പോൾ ആ ഉത്തരവുകൾ പിൻവലിക്കലും,” സർക്കാർ ഉത്തരവുകൾക്ക് നൽകിയ വിശദീകരണങ്ങളുടെ എണ്ണം പരാമർശിച്ചുകൊണ്ട് യെച്ചൂരി പറഞ്ഞു.
“നോട്ട്നിരോധനത്തിന്റെ സമയത്ത് ഇത്തരം മോശം ഭരണ മാതൃക നമ്മൾ കണ്ടു. വ്യക്തമായും, രാജ്യത്തെ ഭരണനേതൃത്വം വീണ്ടുവിചാരമില്ലാത്ത പ്രതികരണങ്ങളിലൂടെ അതിന്റെ കഴിവില്ലായ്മ തെളിയിക്കുകയാണ്, ” യെച്ചൂരി പറഞ്ഞു.
മാധ്യമങ്ങളെ അഭിമുഖീകരിക്കാനും ജനങ്ങളുടെ ആശങ്കകൾക്ക് മറുപടി നൽകാനും മോദി തയ്യാറാവാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. മിക്ക രാജ്യങ്ങളിലെയും നേതാക്കൾ പതിവ് പത്രസമ്മേളനങ്ങളെ അഭിസംബോധന ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. ഉത്തരവാദിത്തത്തോടെ തുടരാനും സർക്കാർ കഴിവുള്ളവരാണെന്നും സാഹചര്യം നിയന്ത്രണവിധേയമാണെന്നും ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനുള്ള ഒരേയൊരു മാർഗ്ഗമാണിത്. കേരളത്തിലെ എൽഡിഎഫ് സർക്കാർ ദിനംപ്രതി മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നടത്തുകയും വെല്ലുവിളിയെ നേരിടാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ രൂപരേഖ നൽകുകയും ചെയ്യുന്നു ഇത് ജനങ്ങൾക്ക് ആവശ്യമായ ആത്മവിശ്വാസം നൽകുന്നു. എന്നാൽ മോദിയുടെ ഭരണരീതിയിൽ ഇത്തരത്തിൽ ഉള്ള ജനാധിപത്യ ഉത്തരവാദിത്തം നഷ്‌ടമായി എന്ന് യെച്ചൂരി പറഞ്ഞു.
ജിഎസ്ടി പിരിവ് സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുടെ കുടിശ്ശിക ഇതുവരെ അവർക്ക് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാരുടെയും മറ്റുള്ളവരുടെയും ശമ്പളത്തിൽ നിന്നുള്ള കിഴിവുകൾ പിഎം-കെയറിലേക്ക് നിർബന്ധിതമായി മാറ്റുന്നുണ്ടെന്നും പകർച്ചവ്യാധിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള ആവശ്യകതകൾ നിറവേറ്റുന്നതിനായി ഈ ഫണ്ടുകൾ ഉടൻ വിന്യസിക്കണമെന്നും അദ്ദേഹം പറഞ്ഞു.