• Breaking News

    കര്‍ഷക കരിനിയമം പിന്‍വലിക്കും വരെ പോരാട്ടം: മുല്ലപ്പള്ളി

    Fight till the withdrawal of Karshaka Karniyam: Mullappally , www.thekeralatimes.com

    അരുവിക്കര: കര്‍ഷകവിരുദ്ധ കരിനിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കും വരെ കോണ്‍ഗ്രസ്‌ പോരാട്ടം നടത്തുമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകബില്ലിനെതിരെ കെ.പി.സി.സി ആഹ്വാനപ്രകാരം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കേരളത്തിലുടനീളം നടത്തുന്ന പ്രതിഷേധ സമരത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്തെ അരുവിക്കരയില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കോര്‍പ്പറേറ്റ്‌ താല്‍പ്പര്യം സംരക്ഷിക്കാനും കുത്തകകളെ താലോലിക്കാനുമാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിയമം നടപ്പാക്കിയത്‌.കര്‍ഷക വിരുദ്ധ സമീപനമാണ്‌ മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്‌. ജനാധിപത്യ താല്‍പ്പര്യങ്ങള്‍ക്ക്‌ കടകവിരുദ്ധമാണ്‌ കേന്ദ്ര സര്‍ക്കാര്‍ നടപടി.കോവിഡ്‌ കാലത്തും പോലും നമ്മുടെ രാജ്യത്ത്‌ പട്ടിണി മരണങ്ങള്‍ ഇല്ലാതിരുന്നത്‌ കര്‍ഷകന്റെ കഠിനാധ്വാനം കൊണ്ടാണ്‌.അത്‌ നരേന്ദ്രമോദി മറന്നിട്ടാണ്‌ കര്‍ഷക താല്‍പ്പര്യം പരിഗണിക്കാതെ ഇത്തരമൊരു കരിനിയമം പാസാക്കിയതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

    നരേന്ദ്രമോദി കോര്‍പ്പറേറ്റുകള്‍ക്ക്‌ രാജ്യത്തെ തീറെഴുതി.റിലയന്‍സ്‌, അദാനി ഉള്‍പ്പെടെയുള്ള രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യത്തിന്‌ അനുസരിച്ച്‌ വിളകള്‍ ഉത്‌പാദിപ്പിക്കേണ്ട ഗതികേടിലാണ് കര്‍ഷകർ.വിളകള്‍ക്ക്‌ ന്യായവില, താങ്ങുവില തുടങ്ങിയവ കര്‍ഷകന്‌ വരുംകാലങ്ങളിൽ അന്യമാകുമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.പാര്‍ലമെന്റില്‍ നിയമം പാസാക്കിയത്‌ കൊണ്ട്‌ അത്‌ രാജ്യത്ത്‌ നടപ്പാക്കാമെന്ന്‌ പ്രധാനമന്ത്രി കരുതണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. 

    കെ.എസ്‌.ശബരീനാഥന്‍ എം.എല്‍.എ, കെ.പി.സി.സി. വൈസ്‌ പ്രസിഡന്റ്‌ ശരത്‌ചന്ദ്ര പ്രസാദ്‌, ജനറല്‍ സെക്രട്ടറിമാരായ പാലോട്‌ രവി, മണക്കാട്‌ സുരേഷ്‌, ഡി.സി.സി പ്രസിഡന്റ്‌ നെയ്യാറ്റിന്‍കര സനല്‍,  കെ.പി.സി.സി സെക്രട്ടറിമാരായ പി.എസ്‌.പ്രശാന്ത്‌, ബി.ആര്‍.എം.ഷഫീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി, കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്തു.