കുല്‍ഭൂഷണ്‍ ജാദവിന് ഇന്ത്യന്‍ അഭിഭാഷകരെ അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍
ചാരന്‍ എന്നാരോപിച്ച് പാകിസ്ഥാന്‍ ജയിലിലടച്ച ഇന്ത്യന്‍ റിട്ടയേര്‍ഡ് നേവി ഓഫീസര്‍ കുല്‍ഭൂഷണ്‍ ജാദവിനായി അഭിഭാഷകരെ അനുവദിക്കണമെന്ന് ഇന്ത്യയുടെ ആവശ്യം തള്ളി പാകിസ്ഥാന്‍. ജാദവ് വിഷയത്തില്‍ അകാരണമായ ഇന്ത്യയുെട ഒരാവശ്യവും അംഗീകരിച്ചു തരില്ലെന്ന് പാക് വിദേശകാര്യവക്താവ് സഹീദ് ഹഫീസ് ചൗധരി മാധ്യമങ്ങളോട് വ്യക്തമാക്കി. പാക് കോടതിയുമായി സഹകരിക്കുകയല്ലാതെ ഇന്ത്യയ്ക്ക് മറ്റൊരു വഴിയുമില്ലെന്നും ചൗധരി പറഞ്ഞു.
2016 മാര്‍ച്ച് 3നാണ് ഇറാനിലെ ഛബഹാര്‍ തീരത്ത് നിയമപ്രകാരമുള്ള കച്ചവടത്തിനെത്തിയ കുല്‍ഭൂഷനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോയത്. പാക്കിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ വച്ച് ചാരവൃത്തിക്കു ശ്രമിക്കുമ്പോള്‍ അറസ്റ്റ് ചെയ്‌തെന്നാണ് പാക്കിസ്ഥാന്‍ വാദിച്ചത്. 2017 ഏപ്രില്‍ 10 ന് ചാരപ്രവര്‍ത്തനത്തിനു സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ച വിവരം പാക്കിസ്ഥാന്‍ പുറത്തുവിട്ടു. പിന്നീട് കുല്‍ഭൂഷണെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചു.

