• Breaking News

    സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷം, സ്വകാര്യ ആശുപത്രികളിലെ ക്രിട്ടിക്കൽ കെയർ മേഖലയെ കൂടി പങ്കാളികളാക്കണം; മുന്നറിയിപ്പുമായി വിദഗ്ധ സമിതി

    The spread of the disease in the state is acute and the critical care sector in private hospitals should also be involved; Expert committee with warning , www.thekeralatimes.com

    സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ  തീവ്രപരിചരണ വിഭാഗങ്ങൾ ശക്തിപ്പെടുത്തണമെന്ന് മുന്നറിയിപ്പുമായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടർമാരില്ലെന്നതും വിദഗ്ധസമിതി ചൂണ്ടിക്കാട്ടുന്നു. വ്യാഴാഴ്ച നാലാമത്തെ തവണയാണ് കോവിഡ് രോഗികളുടെ ദിനംപ്രതി വർദ്ധന മൂവായിരം കടന്നത്.

    നിലവിൽ സംസ്ഥാനത്തെ മിക്ക മെഡിക്കൽ കോളജുകളിലും ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടർമാർ ഇല്ല. കൂടുതൽ ഡോക്ടർമാർക്ക് ക്രിട്ടിക്കൽ കെയർ സേവനത്തിന് പരിശീലനം നൽകണം. സർക്കാർ മേഖലയിൽ അത്തരം സൗകര്യം കുറച്ചെങ്കിലുമുള്ളത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രമാണ്. അത്തരം ഒരു സാഹചര്യത്തില്‍ സ്വകാര്യ മേഖലയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തെ ആശ്രയിച്ചേ തീരൂവെന്നും വിദഗ്ധസമിതി വ്യക്തമാക്കുന്നു.

    സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലും കോവിഡ് ആശുപത്രികൾ ഓരോന്നിലും 100-ല്‍ അധികം ഐസിയു കിടക്കകളും ഓക്സിജൻ വെന്‍റിലേറ്റര്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാൽ കോവിഡ് തീവ്രമാകുന്ന അവസ്ഥയില്‍ ചികില്‍സ നല്‍കുന്നതിലാണ് വെല്ലുവിളി. ക്രിട്ടിക്കല്‍ കെയര്‍ മേഖലയില്‍ അതിവിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ മേഖലയില്‍ തീരെ കുറവ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രമാണ് ഇത്തരത്തില്‍ വിദഗ്ധരുള്ളതെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. തീവ്ര പരിചരണത്തിലെ വീഴ്ച മരണനിരക്ക് കൂട്ടുമോ എന്നാണ് ആശങ്ക.

    പ്രായം കൂടിയ ആളുകളിലേയും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലേയും രോഗബാധ കൂടുകയാണ്. തീവ്രപരിചരണം വേണ്ടവരുടെ എണ്ണവും കൂടി. മരണനിരക്കും കൂടുന്നു. വരും ആഴ്ചകളും നിര്‍ണായകമാണ്.

    വ്യാഴാഴ്ചയും 3349 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, തുടർച്ചയായി മൂന്നാം ദിവസവും കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിലായിരുന്നു. ചൊവ്വാഴ്ച 3026 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെങ്കിൽ ബുധനാഴ്ച 3402 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇന്നലെ രോഗം കണ്ടെത്തിയ 3349-ൽ 3058 പേർക്കും സമ്പർക്കം വഴിയാണ് രോഗം കണ്ടെത്തിയത്.