• Breaking News

    കാർഷിക ബില്ല്; ശിരോമണി അകാലിദൾ എൻ.ഡി.എ മുന്നണി വിട്ടു, വേർ പിരിഞ്ഞത് 23 വർഷത്തെ ബന്ധം

    Agriculture Bill; Shiromani Akali Dal leaves NDA, splits after 23 years , www.thekeralatimes.com

    കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് എൻഡിഎ ഘടകകക്ഷി ശിരോമണി അകാലിദൾ മുന്നണി വിട്ടു. കഴിഞ്ഞ ആഴ്ച അകാലിദൾ നേതാവ് ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

    ഇതിനു പിന്നാലെ മുന്നണിയിൽ തുടരുമെന്നാണ് അകാലിദൾ അറിയിച്ചിരുന്നതെങ്കിലും കർഷക സമരങ്ങൾ ശക്തി പ്രാപിച്ചതോടെയാണ് പുതിയ തീരുമാനം. കർഷകരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ബില്ലിൽ ഒപ്പിടരുതെന്ന് പാർട്ടി തലവൻ സുഖ്ബീർ സിങ് ബാദൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് അഭ്യർത്ഥിച്ചു.

    പഞ്ചാബിലെ കർഷകരാണ് അകാലിദളിന്റെ ശക്തി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെമ്പാടും ഉയർന്ന കർഷക പ്രക്ഷോഭത്തിൽ ഏറ്റവും ശക്തി പ്രകടമായ ഒരു സംസ്ഥാനം പഞ്ചാബായിരുന്നു. ഇതിന് പിന്നാലെയാണ് അകാലി ദൾ മുന്നണി ബന്ധം അറുത്തുമാറ്റിയത്.

    കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പ് നൽകാത്തതിലും പഞ്ചാബ്, സിഖ് വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ചാണ് ശിരോമണി അകാലിദൾ മുന്നണി വിടുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

    സഖ്യം വിടുന്നകാര്യം ആലോചിക്കുകയാണെന്ന് അകാലി ദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ നേരത്തെ പറഞ്ഞിരുന്നു. കർഷകർക്കൊപ്പം നിൽക്കണമെന്നും ബില്ലുകളിൽ ഒപ്പുവെക്കരുതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.