സുരക്ഷ ആവശ്യമില്ല; പൊലീസുകാരെ സുരേന്ദ്രൻ തിരിച്ചയച്ചു
സുരക്ഷാഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നിയോഗിച്ച പൊലീസുകാരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തിരിച്ചയച്ചു. കേരള പൊലീസിന്റെ സുരക്ഷ ആവശ്യമില്ലെന്ന് പറഞ്ഞ സുരേന്ദ്രൻ പൊലീസ് ഉദ്യോഗസ്ഥർക്ക് രേഖാമൂലം എഴുതി നൽകിയാണ് തിരിച്ചയച്ചത്.
ഇന്റലിജൻസ് നിർദ്ദേശപ്രകാരം കോഴിക്കോട് റൂറൽ പോലീസാണ് കെ സുരേന്ദ്രൻ്റെ സുരക്ഷക്ക് രണ്ട് ഗൺമാന്മാരെ അനുവദിച്ചത്. സുരക്ഷാ ഭീഷണി ഉണ്ടെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരുന്നു നടപടി.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ സുരേന്ദ്രന് സുരക്ഷ അനിവാര്യമെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് സുരക്ഷയേർപ്പെടുത്താൻ കോഴിക്കോട് റൂറൽ എസ്പി.ക്ക് ഇൻ്റലിജൻസ് എഡിജിപി നിർദേശം നൽകിയത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന് പുതിയ പദവി ലഭിച്ചതോടെയാണ് സുരക്ഷാഭീഷണി നിലനിൽക്കുന്നതായി ഇൻ്റലിജൻസ് നിരീക്ഷിച്ചത്.
എക്സ് കാറ്റഗറി സുരക്ഷ സുരേന്ദ്രന് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് റൂറൽ എസ്പിക്ക് ഇൻ്റലിജൻസ് എഡിജിപി ഉത്തരവ് കൈമാറിയിരുന്നത്. എന്നാൽ സംസ്ഥാന പൊലീസിൻറെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നായിരുന്നു കെ സുരേന്ദ്രൻറെ പ്രതികരണം