മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന നേതാവ് സഞ്ജയ് റൗത്തും തമ്മിൽ കൂടിക്കാഴ്ച
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന നേതാവ് സഞ്ജയ് റൗത്ത് തമ്മിൽ ശനിയാഴ്ച നടന്ന കൂടിക്കാഴ്ച രാഷ്ട്രീയമായ ഒന്നായിരുന്നില്ല എന്ന് ഇരുപക്ഷവും പറഞ്ഞെങ്കിലും ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ഒരു ആഢംബര ഹോട്ടലിൽ നടന്ന കൂടിക്കാഴ്ച രാഷ്ട്രീയമായ പല ഊഹാപോഹങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഇരു നേതാക്കളും പല വിഷയങ്ങളിൽ പരസ്യമായ വിയോജിപ്പിലാണെന്ന സാഹചര്യത്തിൽ. ഏറ്റവും പുതിയതായി സുശാന്ത് സിംഗ് രജപുത് കേസും നടി കങ്കണ റനൗത്തിന്റെ ഓഫീസ് പൊളിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരു കക്ഷികളും രണ്ട് തട്ടിലായിരുന്നു.
കൂടിക്കാഴ്ച നടന്നതായി സ്ഥിരീകരിച്ച സഞ്ജയ് റൗത്ത്, അത് ശിവസേനയുടെ മുഖപത്രമായ “സാമ്‌ന” യുടെ അഭിമുഖത്തിന് വേണ്ടിയായിരുന്നെനും ഇതേപ്പറ്റി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിഞ്ഞിരുന്നുവെന്നും പറഞ്ഞു. സാമ്‌നയുടെ ചുമതല സഞ്ജയ് റൗത്തിനാണ്.
“ദേവേന്ദ്ര ഫഡ്‌നാവിസ് ഞങ്ങളുടെ ശത്രുവല്ല. ഞങ്ങൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സാമ്‌നയുമായുള്ള അഭിമുഖത്തിനായി ഞാൻ ഫഡ്‌നാവിസിനെ കണ്ടു. ഇത് മുൻകൂട്ടി തീരുമാനിച്ച കൂടിക്കാഴ്ചയായിരുന്നു. ഉദ്ധവ് താക്കറെക്ക് പോലും ഇത് അറിയാമായിരുന്നു,” സഞ്ജയ് റൗത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“മുൻ മുഖ്യമന്ത്രിയും ഇപ്പോൾ സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ഫഡ്‌നാവിസിനെ കാണുന്നത് കുറ്റകരമാണോ? ഞങ്ങൾക്ക് പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും ഞങ്ങൾ ശത്രുക്കളല്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.
എൻസിപി നേതാവ് ശരദ് പവാറുമായി അഭിമുഖം നടത്തിയിട്ടുണ്ടെന്നും ദേവേന്ദ്ര ഫഡ്‌നാവിസ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി അഭിമുഖം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സഞ്ജയ് റൗത്ത് പറഞ്ഞു.
കൂടിക്കാഴ്ചക്ക് രാഷ്ട്രീയ മാനമില്ല എന്ന് മഹാരാഷ്ട്ര ബിജെപിയുടെ മുഖ്യ വക്താവ് കേശവ് ഉപാധ്യയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. “ശിവസേന മുഖപത്രമായ സാമ്‌നക്കായി ഫഡ്‌നാവിസിനെ അഭിമുഖം നടത്താൻ റൗത്തിന് ആഗ്രഹമുണ്ടായിരുന്നു, ഇതിനെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു ഈ യോഗം,” അദ്ദേഹം ട്വീറ്റ് ചെയ്തു.
ബിഹാർ വോട്ടെടുപ്പിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അഭിമുഖം നൽകാമെന്ന് ഫഡ്നാവിസ് റൗത്തിനെ അറിയിച്ചു.