• Breaking News

    മാധ്യമപ്രവർത്തകരെ സമൂഹ മാധ്യമത്തിൽ അപകീർത്തിപ്പെടുത്തിയ കേസ്; രണ്ട് പേരെ അറസ്റ്റ് ചെയ്തു

    Case of defamation of journalists on social media; Two people were arrested , www.thekeralatimes.com

    തിരുവനന്തപുരം: സൈബര്‍ ആക്രണവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് അവതാരക നിഷാ പുരോഷോത്തമന്‍ നല്‍കിയ പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ദേശാഭിമാനിയിലെ മുന്‍ജീവനക്കാരനായ വിനീത്, കൊല്ലം കുണ്ടറ സ്വദേശി ജയജിത്ത് എന്നിവരെയാണ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഐ.ടി ആക്ട് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പായതിനാല്‍ ഇവരുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

    ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.ജി കമലേഷ് നല്‍കിയ പരാതി സൈബര്‍ സെല്‍ വട്ടിയൂര്‍ക്കാവ് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പരാതി നല്‍കി ഒന്നരമാസത്തിന് ശേഷമാണ് അറസ്റ്റ്.

    വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് റീജ്യണല്‍ എഡിറ്റര്‍ ആര്‍ അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷിനും മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമനും ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവര്‍ത്തക പ്രമീളാ ഗോവിന്ദിനുമെതിരെ വലിയ രീതിയില്‍ സൈബറാക്രമണം നടന്നത്.

    വനിതാമാധ്യമപ്രവര്‍ത്തകരേയും അവരുടെ കുടുംബാംഗങ്ങളെ പോലും വളരെ മോശമായ രീതിയിലായിരുന്നു സൈബറിടങ്ങളില്‍ ചിലര്‍ ചിത്രീകരിച്ചത്.

    മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.

    ആരോഗ്യകരമായ സംവാദമാകണം നടക്കേണ്ടതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കുമെന്നുമായിരുന്നു വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. അന്വേഷണച്ചുമതല തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന് കൈമാറുകയും ചെയ്തിരുന്നു.

    മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു. നിഷാ പുരുഷോത്തമന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. ഡി.ജി.പി ലോക്‌നാഥ് ബെഹറയ്ക്ക് അയച്ച കത്തിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

    നിഷയുടെ ആരോപണങ്ങള്‍ തങ്ങളെ ആശങ്കപ്പെടുത്തുന്നുവെന്നും ഈ വിഷയത്തില്‍ ശ്രദ്ധ പതിയണമെന്നും ഡി.ജി.പിക്ക് അയച്ച കത്തില്‍ വനിതാ കമ്മീഷന്‍ പറഞ്ഞിരുന്നു.