തമിഴ്‌നാട്ടിൽ പെരിയാറിന്റെ പ്രതിമയിൽ കാവി നിറമൊഴിച്ച് ചെരുപ്പ് മാലയിട്ടു; കടുത്ത വിമർശനവുമായി കനിമൊഴി

തമിഴ്‌നാട്ടിൽ സമൂഹിക പരിഷ്‌കർത്താവ് പെരിയാർ അഥവാ ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമ നശിപ്പിച്ചു. തിരുച്ചി ഇനാംകുളത്തൂരിലെ പ്രതിമയിലാണ് കാവി നിറം ഒഴിച്ചത്. പ്രതിമയുടെ കഴുത്തിൽ ചെരുപ്പ് മാല ഇടുകയും ചെയ്തു.
സംഭവത്തിലെ പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ അജ്ഞാത സംഘത്തെ കണ്ടെത്തണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ തിരുച്ചിയിൽ പ്രതിഷേധിച്ചിരുന്നു. സംഭവം നടന്ന ഉടൻ തന്നെ പൊലീസ് എത്തി പ്രതിമ വൃത്തിയാക്കിയെന്നാണ് വിവരം.
അതേസമയം സംഭവത്തിൽ ഡിഎംകെ എംപി കനിമൊഴി ബിജെപിക്ക് എതിരെ രംഗത്തെത്തി. പെരിയാറിന്റെ മുകളിൽ ഒഴിച്ചത് കാവി നിറമാണ്. ഇത് വളരെ ഹീനമായ പ്രവൃത്തിയാണ്. പെരിയാറിന്റെ ജന്മദിനത്തിൽ ബിജെപി അധ്യക്ഷൻ എൽ മുരുഗൻ പെരിയാർ സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ തുറന്നുപറയാൻ മടിയില്ലെന്ന് പറഞ്ഞിരുന്നു. ഇതാണോ ആദരവെന്ന് കനിമൊഴി ചോദിച്ചു.
പെരിയാറിന്റെ പ്രതിമ തമിഴ്‌നാട്ടിൽ തകർക്കപ്പെടുന്നത് ആദ്യമായിട്ടല്ല. നേരത്തെ കോയമ്പത്തൂർ സുന്ദരപുരത്തും പെരിയാർ പ്രതിമ തകർത്ത് അക്രമികൾ കാവി നിറം ഒഴിച്ചിരുന്നു.