• Breaking News

    കൊല്ലത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സഞ്ചാരികൾ; പൊലീസിന് പിഴയായി ഇന്ന് മാത്രം ലഭിച്ചത് 2 ലക്ഷം രൂപ

    Tourists violate Covid norms in Kollam; The police received a fine of Rs 2 lakh today alone,  , www.thekeralatimes.com

    കൊല്ലം അഞ്ചലിലെ പിനാക്കൾ വ്യൂ പോയിന്റിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എത്തിയവർക്കെതിരെ പൊലീസ് കേസ്. രാവിലെ ഇവിടുത്തെ കോടമഞ്ഞും സുര്യോദയവും കാണാൻ അഞ്ഞൂറിൽപരം ആളുകളാണ് എത്തിയത്. ഇവിടെ എത്തിയവരിൽ സാമൂഹിക അകലം പാലിക്കാതെയും, കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്തവരുടെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. 200 മുതൽ 2000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് അഞ്ചൽ പിനാക്കൾ വ്യൂ പോയിന്റിലെ പ്രഭാത കാഴ്ച്ചകൾ കാണാൻ ആളുകൾ എത്തിയത്. ഇതിലുടെ 2 ലക്ഷത്തോളം രൂപയാണ് പൊലീസിന് പിഴയായി ലഭിച്ചത്.

    ആരാലും അറിയപെടാതിരുന്ന സ്ഥലമായിരുന്നു അഞ്ചൽ പിനാക്കിൾ വ്യു പോയിന്റ്. സഞ്ചാര വ്‌ളോഗർമാർ ഇവിടുത്തെ കാഴ്ച്ചകൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ ചർച്ചാ വിഷയമാക്കിയതോടെയാണ് പിനാക്കിൾ വ്യൂ പോയിന്റിലേക്ക് പുറത്തുനിന്നുള്ള കാഴ്ച്ചക്കാർ എത്തി തുടങ്ങിയത്.

    അഞ്ചൽ, കരവാളൂർ, ഇടമുളയ്ക്കൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലിയകുരുവിക്കോണംവെഞ്ചേമ്പ് തടിക്കാട് റോഡിൽ ചേറ്റുകുഴിക്കും ഒരുനടയ്ക്കും ഇടയിലായാണ് കൊല്ലത്തുകാരുടെ ഊട്ടി എന്നറിയപ്പെടുന്ന പിനാക്കിൾ വ്യു പോയിന്റ് സ്ഥിതി ചെയ്യുന്നത്.

    റബ്ബർ മരങ്ങളാൽ ചുറ്റപ്പെട്ടിരുന്ന ഒരിടമായിരുന്നു ഈ പ്രദേശം. റീപ്ലാന്റിനായി ഇവിടെത്തെ റബർ മരങ്ങൾ മുറിച്ചതോടെയാണ് കഥ മാറിയത് . കണ്ണെത്താദൂരം പരന്നുകിടക്കുന്ന സഹ്യപർവതനിരകളുടെ അതിമനോഹരമായ കാഴ്ച പിനാക്കിൾ സഞ്ചാരികൾക്ക് സമ്മാനിക്കും. ഇതിന് സമീപത്ത് എഞ്ചിനീയറിംഗ് കോളജ് ഉണ്ടായിരുന്നു. പേര് പിനാക്കിൾ എഞ്ചിനീയറിംഗ് കോളജ്. ഇതിൽ നിന്നാണ് സ്ഥലത്തിന് പിനാക്കിൾ വ്യു പോയിന്റ് എന്ന പേര് ലഭിച്ചത്. പാവങ്ങളുടെ ഊട്ടി എന്ന പേര് കൂടാതെ കൊല്ലത്തുകാരുടെ ഗവി, മിനി മൂന്നാർ എന്നൊക്കെയും ഈ സ്ഥലത്തിന് സഞ്ചാരികൾ പേരിട്ട് വിളിക്കാറുണ്ട്.

    സൂര്യോദയം കാണാനായി പുലർച്ചെ നാലുമണിക്ക് ഇവിടേക്ക് ആളുകൾ എത്തിത്തുടങ്ങും. കൊല്ലം ജില്ല കൂടാതെ സമീപജില്ലകളിൽ നിന്നും രാവിലെത്തെ തണുപ്പിനൊപ്പമുളള സുര്യോദയവും മഞ്ഞ് വീഴ്ച്ചയും കാണാൻ ഇവിടെ ആൾ എത്താറുണ്ടായിരുന്നു.