കോവിഡ് വ്യാപനം: യു.ഡി.എഫ് ആള്‍ക്കൂട്ട സമരങ്ങള്‍ നിര്‍ത്തി, സർക്കാരിന് എതിരായ പ്രതിഷേധം ഇനിയും തുടരുമെന്ന് ചെന്നിത്തല
സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫും പോഷകസംഘടനകളും നടത്തി വന്നിരുന്ന പ്രത്യക്ഷ സമരങ്ങൾ അവസാനിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആൾക്കൂട്ടസമരങ്ങൾ താത്കാലികമായി നിർത്തിവെയ്ക്കുന്നതെന്നും സർക്കാരിനെതിരായ പ്രതിഷേധം ഇനിയും തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ സമരങ്ങൾ ഇനി സാദ്ധ്യമാകൂവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.
ഇന്ന് രാവിലെ യുഡിഎഫ് നേതക്കാൾ തമ്മിൽ അനൗദ്യോഗികമായി നടത്തിയ ചർച്ചയിലാണ് ആൾക്കൂട്ടസമരം താത്കാലികമായി നിർത്തിവെയ്ക്കാൻ ധാരണയായത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രത്യേകിച്ചും യുഡിഎഫ് അതിശക്തമായ സമരമാണ് കഴിഞ്ഞ ആഴ്ചകളിൽ നടത്തിയത്. പലപ്പോഴും ഈ സമരങ്ങൾ പൊലീസ് നടപടിയിലും സംഘർഷത്തിലുമാണ് അവസാനിക്കാറുള്ളത്.
കോവിഡ് വ്യാപനം മുൻനിർത്തി സർക്കാർ സമരങ്ങൾക്കെതിരെ പ്രചാരണം ശക്തമായതും തിരുവനന്തപുരത്തെ പ്രതിദിന കോവിഡ് കേസുകൾ ആയിരം കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമരം നിർത്തിവെയ്ക്കുക എന്ന തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയത്. കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം.അഭിജിത്തിൻ്റെ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ഈ തീരുമാനത്തിലേക്ക് യുഡിഎഫിനെ എത്തിക്കുകയായിരുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യമാണുള്ളത്. വയോജനങ്ങളുടെ എണ്ണം, ജനസാന്ദ്രത എന്നിവ കൂടുതലായതു കൊണ്ട് കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ അതിജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രിയും ആരോഗ്യ പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുകയുണ്ടായി. സമരങ്ങളില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിപക്ഷം വൈറസിന് പടരാന്‍ സാഹചര്യമൊരുക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.