• Breaking News

    യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ: വിജയ് പി. നായർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും, അഞ്ചുവർഷം വരെ തടവ് ലഭിക്കാം

    Video of women being abused on YouTube channel: Vijay P. Nair will be charged with non-bailable offenses and could face up to five years in prison , www.thekeralatimes.com

    യുട്യൂബ് ചാനലിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വീഡിയോകൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ വെള്ളായണി സ്വദേശി വിജയ് പി. നായർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തും. പൊലീസിന് ഹൈടെക് സെൽ എസ്പി നിർദേശം നൽകി.  ഐ.ടി നിയമത്തിലെ 67, 67 (A) വകുപ്പുകളാണ് ചുമത്തുക. വീഡിയോയുടെ ഉള്ളടക്കം പരിശോധിച്ച ശേഷമാണ് നിയമോപദേശം നൽകിയത്.

    ഇത്തരം കുറ്റകൃത്യങ്ങളിൽ ചുമത്തുന്ന ഐടി നിയമത്തിലെ 67, 67 (A) വകുപ്പുകൾ വിജയ് പി നായർക്കെതിരെ ചുമത്താമെന്ന് ഹൈടെക് സെൽ അഡീഷണൽ എസ് പി മ്യൂസിയം പൊലീസിനെ അറിയിച്ചു. ജാമ്യമില്ലാ വകുപ്പാണിത്. ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ലഭിക്കാം. നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ ഇന്ന് തന്നെ ഐടി വകുപ്പ് ചുമത്തും. അതിനിടെ വിജയ് പി. നായരുടെ പിഎച്ച്ഡി വ്യാജമാണോയെന്നതില്‍ പൊലീസ് അന്വേഷണം തുടങ്ങി.

    കഴിഞ്ഞ മാസം പതിനാലാം തിയതിയാണ് വിജയ് പി. നായർ സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ടുള്ള വീഡിയോ യുട്യൂബിൽ അപ്‍ലോഡ് ചെയ്തത്. സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഡി.ജി.പിയ്ക്കും സിറ്റി പൊലീസ് കമ്മീഷണർക്കും നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് ഇന്നലെ കേസെടുക്കുകയായിരുന്നു.

    വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവർക്കെതിരെയുള്ള കേസ് തമ്പാനൂർ പൊലീസ് അന്വേഷിക്കുന്നത്. എന്നാൽ വിജയ് പി. നായർക്കെതിരെ ഈ കേസിൽ ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിൽ വിമർശനം ഉയർന്നിരുന്നു.

    സമൂഹ മാധ്യമങ്ങളിൽ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ഭാഗ്യക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശനെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.