സമൂഹ മാധ്യമങ്ങളിലൂടെയുള്ള അശ്ലീല പരാമർശം; വിജയ്. പി. നായർ കസ്റ്റഡിയിൽ
സമൂഹ മാധ്യമങ്ങളിലൂടെയുള്ള അശ്ലീല പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ വിജയ്. പി. നായർ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കല്ലിയൂരിലുള്ള വീട്ടിൽ നിന്നാണ് വിജയ് പി നായരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
കേസിൽ വിജയ്. പി. നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. ഐ.ടി നിയമത്തിലെ 67, 67(എ) വകുപ്പുകളാണ് ചുമത്തിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ നിർദേശപ്രകാരമാണ് നടപടി.
അതേസമയം വിജയ്. പി. നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ആരോപിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സംഘടന രംഗത്തെത്തി. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. നടപടി ആവശ്യപ്പെട്ട് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകുമെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു. അസോസിയേഷനിൽ വിജയ്. പി. നായർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ കേരള ചാപ്റ്റർ അറിയിച്ചു. ഡോക്ടറേറ്റ് വ്യാജമെന്ന ആരോപണവും പൊലീസ് പരിശോധിക്കും. തമ്പാനൂർ പൊലീസായിരിക്കും ഇക്കാര്യത്തിൽ അന്വേഷണം നടത്തുക.