• Breaking News

    ഭംഗിയുള്ള മൃഗങ്ങളെ കാണുന്നത് മാനസിക സമ്മർദ്ദം 50% വരെ കുറയ്ക്കുമെന്ന് പഠനം

    Studies show that seeing beautiful animals can reduce stress by up to 50% , www.thekeralatimes.com

    അനുഭവിച്ചിട്ടുണ്ടെങ്കിലും പലര്‍ക്കും അറിയാത്ത ഒന്നാണ് മാനസിക സമ്മര്‍ദ്ദം. യഥാര്‍ത്ഥമോ സാങ്കല്‍പ്പികമോ ആയ ഭീഷണികളോടുള്ള മനസ്സിന്‍റെയും ശരീരത്തിന്‍റെയും പ്രതികരണങ്ങളെയാണ് മാനസിക സമ്മര്‍ദ്ദം (stress) എന്നു വിളിക്കുന്നത്. മാനസിക സമ്മർദ്ദം പലരേയും പലരീതിയിലാണ് ബാധിക്കാറുള്ളത്. ജോലിഭാരം, കുടുംബ പ്രശ്നങ്ങൾ എന്നിങ്ങനെ കാരണങ്ങള്‍ പലതാണ്.

    ടെന്‍ഷനും സങ്കടങ്ങളും പങ്കുവെയ്ക്കാന്‍ അവസരമില്ലാതാകുന്നത് സ്ഥിതി ഗുരുതരമാക്കും. മാനസിക സമ്മർദ്ദം കുറയ്ക്കാൻ പല മാർഗങ്ങളുമുണ്ട്. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ഇഷ്ടപ്പെട്ട സ്ഥലങ്ങളോ ആരാധനാലയങ്ങളോ സന്ദര്‍ശിക്കാം. കുറേകാര്യങ്ങള്‍ ചെയ്യാനുണ്ടാകുമ്പോള്‍ ടെന്‍ഷനടിക്കാതെ മുന്‍ഗണനാക്രമം നിശ്ചയിച്ച് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുക. വേണ്ടത്ര ഉറങ്ങുന്നതും മാനസികസമ്മര്‍ദ്ദം തടയുന്നതിന് വളരെ ഉപകാരപ്രദമാണ്.

    എന്നാൽ ഭംഗിയുള്ള മൃഗങ്ങളെ കാണുന്നതും മാനസിക സമ്മർദ്ദം കുറയ്ക്കുമെന്ന് പഠനം പറയുന്നു. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ലീഡ്സ് ആൻഡ് ടൂറിസം ആണ് ഇത്തരം ഒരു പഠനം നടത്തിയത്. പല തരത്തിൽ സമ്മർദ്ദം അനുഭവിക്കുന്ന 19 പേരിലാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവർക്ക് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ‘ക്വോക്ക’കളുടെ വീഡിയോകൾ 30 മിനിറ്റ് നേരത്തെ കാണാൻ അവസരം നൽകി. ഇവരുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും ഈ സമയം നിരീക്ഷിച്ചു. വീഡിയോകൾ കണ്ടതിന് ശേഷം ഇവരിൽ ചിലരുടെ സമ്മർദ്ദ നില 50 ശതമാനം കുറഞ്ഞുവെന്ന് പഠനത്തിലെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.

    വാച്ചിംഗ് സെഷൻ അവസാനിച്ചപ്പോൾ, ഇവരുടെ ശരാശരി രക്തസമ്മർദ്ദം 136/88 ൽ നിന്ന് 115/71 ആയി കുറഞ്ഞുവെന്ന് ഫലങ്ങൾ വെളിപ്പെടുത്തുന്നു. പങ്കെടുത്ത ഒരാളിൽ ഹൃദയമിടിപ്പ് 90bpm ൽ നിന്ന് 68 bpm ആയി കുറഞ്ഞു.

    ലോക്ഡൗൺ, പഠന സംബന്ധ മാനസിക ബുദ്ധിമുട്ടുകൾ എന്നിവ അനുഭവിക്കുന്നവർക്ക് ഇത്തരം റിലാക്സേഷന്‍ വിദ്യകള്‍ ഗുണം ചെയ്യും. പഠന സമ്മർദ്ദം താങ്ങാനാകാതെ ആത്മഹത്യകളിൽ അഭയം പ്രാപിക്കുന്ന അനേകായിരം വിദ്യാർത്ഥികളുള്ള നമ്മുടെ രാജ്യത്ത് പ്രത്യേകിച്ചും.