• Breaking News

    കെ.ടി. ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോര്‍ച്ച രാപ്പകല്‍ സമരം ആരംഭിച്ചു

    K.T. Yuva Morcha started a day and night strike in front of the secretariat demanding Jalil's resignation , www.thekeralatimes.com

    തിരുവനന്തപുരം :
    കേരളത്തിലുടനീളം നടക്കുന്ന ജനകീയപ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലത്ത് യുവമോര്‍ച്ച പ്രവര്‍ത്തകന് നേരെ നടന്നത് അതാണ് കാണിക്കുന്നത്. ഇത് ഫാസിസമാണെന്നും കുമ്മനം പറഞ്ഞു. സ്വര്‍ണക്കടത്തിലെ പ്രതികളുമായി ബന്ധമുള്ള മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ യുവമോര്‍ച്ച നടത്തിയ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    മതവികാരം ഇളക്കിവിട്ട് മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് ആപത്ക്കരമായ സ്ഥിതിവിശേഷം ഉണ്ടാക്കും. സ്വര്‍ണം കടത്തിയത് ഖുറാന്റെ മറവിലാണ് എന്നുപറയുമ്പോള്‍ അത് ഖുറാനോടുള്ള വിരോധം കൊണ്ടാണെന്ന് മുഖ്യമന്ത്രി നിരന്തരം പറയുന്നത് വര്‍ഗീയ മുതലെടുപ്പിനാണ്. ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ വിജിലന്‍സ് അന്വേഷണം കൊണ്ടുവന്നത് ബിജെപി ഉന്നയിച്ച ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശ സ്വയംഭരണ മന്ത്രി മൊയ്ദീനും സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം.  ജനകീയ സമരങ്ങളെ എത്ര തല്ലിതകര്‍ക്കാന്‍ ശ്രമിച്ചാലും ബിജെപി പിന്നോട്ടു പോകില്ല. എത്ര ത്യാഗം സഹിച്ചും സത്യം ജയിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും കുമ്മനം പറഞ്ഞു.  

    ഒരു കള്ളം മറയ്ക്കാന്‍ നൂറു കള്ളം പറയുകയാണ് മന്ത്രി കെ.ടി. ജലീലെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. ജലീലിനെ മുഖ്യമന്ത്രിയും കേന്ദ്രനേതൃത്വവും ഭയക്കുകയാണ്. ജലീലിന്റെ രാജി ആവശ്യപ്പെട്ടാല്‍ മന്ത്രിമക്കളുടെ പലകേസുകളും പുറത്തുവരും. മന്ത്രി മക്കളാണ് നാടു ഭരിക്കുന്നത്. കോടിയേരിയുടെ മകനെ മയക്കുമരുന്നു കേസിലാണ് ചോദ്യം ചെയ്തിരിക്കുന്നത്. ഇവര്‍ നാട് മുച്ചൂടും നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച സമരങ്ങളോട് പോലീസ് ക്രൂരമായാണ് പെരുമാറുന്നത്. എന്തിനാണ് പോലീസ് യുവമോര്‍ച്ച സമരങ്ങളെ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കൊറോണകാലത്ത് ഇങ്ങനെ സമരം ചെയ്യുന്നതില്‍ വിഷമമുണ്ട് കള്ളക്കടത്തുകാരുമായി മന്ത്രിമാര്‍ സാമൂഹിക അകലം പാലിച്ചിരുന്നെങ്കില്‍ ഇങ്ങനെ സന്ധിയില്ലാ സമരം ചെയ്യേണ്ടി വരില്ലായിരുന്നു. മന്ത്രി കെ.ടി. ജലീല്‍ ഔദ്യോഗിക വസതിയില്‍ പുറത്തിറങ്ങാതെ ഒളിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.ടി. ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ ഒരു അര്‍ഹതയുമില്ലെന്നും അദ്ദേഹം രാജി വയക്കുന്നതുവരെ സമരം തുടരുമെന്നും പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.

    ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ, ഡോ. ജെ. പ്രമീളാ ദേവി, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയന്‍, സി. ശിവന്‍കുട്ടി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാംരാജ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അജേഷ്, അനുരാജ്, സംസ്ഥാന സെക്രട്ടറി അഡ്വ. ബി.ജി. വിഷ്ണു, ഷൈന്‍, ചന്ദ്രകിരൺ, അഭിലാഷ് അയോധ്യ ബിജെപി ജില്ലാ ട്രഷറര്‍ നിശാന്ത് സുഗുണന്‍, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ആർ. സജിത്ത് എന്നിവര്‍ സംസാരിച്ചു.