സൗരോർജ്ജ നിലയങ്ങൾ വാട്ടർ അതോറിറ്റിയെ വൈദ്യുതി സ്വയം പര്യാപ്തമാക്കും: മന്ത്രി
തിരുവനന്തപുരം: സൗരോർജ്ജ നിലയങ്ങൾ വാട്ടർ അതോറിറ്റിയെ വൈദ്യുതി സ്വയം പര്യാപ്തമാക്കുമെന്നും വാട്ടർ അതോറിറ്റിയുടെ എല്ലാ ജലശുദ്ധീകരണശാലകളും ഓഫീസുകളും വൈദ്യുതി ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടാനുള്ള വലിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണെന്നും ജലവിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വാട്ടർ അതോറിറ്റിയുടെ ആറ്റുകാൽ, തിരുമല ജലസംഭരണികൾക്കു മുകളിൽ സ്ഥാപിച്ച100 കിലോവാട്ട് വീതം ശേഷിയുള്ള രണ്ടു സൗരോർജ നിലയങ്ങളുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ സൗരോർജ്ജ നിലയങ്ങൾ വാട്ടർ അതോറിറ്റിയുടെ സാധ്യമായ എല്ലാ ഓഫീസുകളിലും സ്ഥാപിച്ച് വൈദ്യുതി ചാർജ്ജ് ഇനത്തിൽ വലിയ തുക ലാഭിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഒബ്സർവേറ്ററി ഹിൽസിൽ നടന്ന ചടങ്ങിൽ എം.എൽ.എ വി.കെ.പ്രശാന്ത് അധ്യക്ഷനായി. ഒ.രാജഗോപാൽ എം.എൽ.എ സന്നിഹിതനായിരുന്നു.
2.12 കോടി രൂപ ചെലവിലാണ് ആറ്റുകാൽ, തിരുമല ജലസംഭരണികൾക്ക് മുകളിൽ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചത്. ആറ്റുകാൽ, തിരുമല എന്നിവിടങ്ങളിൽ സ്ഥാപിച്ച സൗരോർജ്ജ നിലയങ്ങളിൽ നിന്നും പ്രതിദിനം 300 മുതൽ 400 വരെ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഈ വൈദ്യുതി പി.ടി.പി ജലശുദ്ധീകരണശാലയുടെയും ആറ്റുകാലിലെ പമ്പ് ഓഫീസിന്റെയും പ്രവർത്തനത്തിന് വിനിയോഗിക്കും. മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് വിൽക്കും. നിലവിൽ പി.ടി.പി ജലശുദ്ധീകരണശാലയുടെയും ആറ്റുകാലിലെ പമ്പ്ഹൗസിലെയും ശരാശരി വൈദ്യുതി ഉപഭോഗം ദിനംപ്രതി 250 യൂണിറ്റുകൾ വീതമാണ്. ഒബ്സർവേറ്ററിയിൽ വാട്ടർ അതോറിറ്റിയുടെ സൗരോർജ നിലയം സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. ഈ നാലു നിലയങ്ങളും ചേർന്നാൽ ആകെ 285 കിലോവാട്ട് ശേഷിയിൽ ഊർജോല്പാദനം നടത്താം. വാട്ടർ അതോറിറ്റി പി.എച്ച്.ഡിവിഷൻ സൗത്തിനു കീഴിൽ നാലു സ്ഥലങ്ങളിലും സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിനു സംസ്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തി 289 മൂന്നു ലക്ഷം രൂപയാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. സാധ്യതാ പഠനത്തിനും സ്ഥലം സർവേക്കുമായി അനർട്ടിനെയാണ് നിയോഗിച്ചത്. സാധ്യതാ പഠനത്തിന് ശേഷം അനർട്ട് 2.35 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം തുടങ്ങി. സോളാർ പാനലുകൾക്ക് 25 വർഷത്തെ വാറണ്ടിയും നിർമാണക്കമ്പനി അനുവദിച്ചിട്ടുണ്ട്.