• Breaking News

    സിഎസ്ബി ബാങ്കും , ഐഐഎഫ്എല്‍ ഫിനാന്‍സും കൈകോർത്തു

    CSB Bank partners with IIFL Finance for gold origination through Business Correspondent model , www.thekeralatimes.com
    ഐഐഎഫ്എല്‍ ഫിനാന്‍സ് എംഡി ആര്‍. വെങ്കിട്ടരാമന്‍, സിഎസ്ബി ബാങ്ക് റീട്ടെയില്‍ ബാങ്കിംഗ് ഹെഡ് ഭരത് മണി, ഐഐഎഫ്എല്‍ സിഎഫ്ഒ രാജേഷ് രജക്, ഐഐഎഫ്എല്‍ ചെയര്‍മാന്‍ നിര്‍മല്‍ ജെയിന്‍, സിഎസ്ബി ബാങ്ക് പ്രസിഡന്‍റ് പ്രാലേ മൊണ്ടാല്‍ എന്നിവര്‍ കരാര്‍  ഒപ്പുവയ്ക്കല്‍ ചടങ്ങില്‍.

    കൊച്ചി: റീട്ടെയില്‍ സ്വര്‍ണ്ണ വായ്പ കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സിഎസ്ബി ബാങ്ക് (മുന്‍ കാത്തലിക്ക് സിറിയന്‍ ബാങ്ക്), ബാങ്കിംഗേതര ധനകാര്യ കമ്പനിയായ ഐഐഎഫ്എല്‍ ഫിനാന്‍സുമായി (ഐഐഎഫ്എല്‍) സഹകരിച്ചു പ്രവര്‍ത്തിക്കും. 

    സിഎസ്ബിക്ക് മതിയായ ശാഖകളില്ലാത്ത സ്ഥലങ്ങളില്‍ ബാങ്കിന്‍റെ ബിസിനസ് കറസ്പോണ്ടന്‍റായി (ബിസി)  ഐഐഎഫ്എല്‍ പ്രവര്‍ത്തിക്കുകയും പുതിയ ഇടപാടുകാരെ കണ്ടെത്തുകയും  വായ്പ ലഭ്യമാക്കുകയും ചെയ്യും.

    ഐഐഎഫ്എലിന്‍റെ വിപുലമായ ശാഖാശൃംഖലയുപയോഗിച്ച്,  പുതിയ ഉപഭോക്താക്കളിലേക്കും ആവശ്യത്തിനു ബാങ്കിംഗ്   സൗകര്യങ്ങള്‍ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും സമൂഹത്തിലെ താഴ്ന്നതലത്തിലുള്ള  ഇടപാടുകാരിലേക്കും എത്തിച്ചേരാന്‍  ബാങ്കിന് സാധിക്കുമെന്ന്  കരാര്‍ ഒപ്പിട്ടുകൊണ്ട്   സിഎസ്ബി ബാങ്കിന്‍റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സി. വിആര്‍. രാജേന്ദ്രന്‍ പറഞ്ഞു. ബാങ്കിന്‍റെ പ്രധാന ബിസിനസുകളിലൊന്നാണ് സ്വര്‍ണപ്പണയ വായ്പയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

    ഇരു കൂട്ടര്‍ക്കും വിജയം നല്‍കുന്ന പങ്കാളിത്തമാണിതെന്ന്  ഐഐഎഫ്എല്‍ ഫിനാന്‍സ് ചെയര്‍മാന്‍ നിര്‍മ്മല്‍ ജെയിന്‍ പറഞ്ഞു.  ബാങ്കിന്‍റെ ബാലന്‍സ് ഷീറ്റിന്‍റെ കരുത്തും എന്‍ബിഎഫ്സിയുടെ ശാഖാശൃംഖലയും ഒത്തുചേരുമ്പോള്‍ യുക്തിസഹമായ നിബന്ധനകളില്‍  സാമ്പത്തിക ഉള്‍പ്പെടുത്തലിനു ഈ ബന്ധം സഹായിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

    രാജ്യത്തെ ഏറ്റവും പഴയ സ്വകാര്യ ബാങ്കുകളിലൊന്നായ സിഎസ്ബി ബാങ്കിന്    കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 432 ശാഖകളും   1.5 ദശലക്ഷം ഉപഭോക്താക്കളുമുണ്ട്. 

    ഐഐഎഫ്എലിന് 25 സംസ്ഥാനങ്ങളിലെ 600 ഓളം നഗരങ്ങളിലായി 2,372 ശാഖകളുണ്ട്. ഏതാണ്ട് 38,300 കോടി രൂപയുടെ ആസ്തി മാനേജ് ചെയ്യുന്നു കമ്പനിക്ക്  നാലു ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. കമ്പനിയുടെ വായ്പയുടെ 90 ശതമാനവും  ചില്ലറ സ്വഭാവമുള്ളതും 25 ശതമാനത്തോളം  സ്വര്‍ണപ്പണയ വായ്പകളുമാണ്.