25 കോടി ഉണ്ടെങ്കിൽ ഗുജറാത്തിലെ കോൺഗ്രസ് പാർട്ടിയെ മുഴുവൻ വാങ്ങാം; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി
ഇരുപത്തിയഞ്ച് കോടി രൂപ ഉണ്ടെങ്കിൽ ഗുജറാത്തിലെ കോൺഗ്രസ് പാർട്ടിയെ മുഴുവനായി വാങ്ങാമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു പരിഹാസം.
മഹാത്മ ഗാന്ധിയുടെ ആദർശങ്ങളുടെ നിഴൽ പോലുമില്ലാത്തതാണ് ഇന്നത്തെ കോൺഗ്രസ് പാർട്ടിയെന്നും ഇന്ന് കോൺഗ്രസ് എന്നാൽ രാഹുൽ ഗാന്ധിയുടെ മാത്രം പാർട്ടിയാണെന്നും രൂപാണി പറഞ്ഞു.
മുൻ കോൺഗ്രസ് എംഎൽഎയെ 25 കോടിക്കു ബിജെപി വാങ്ങിയെന്ന കോൺഗ്രസ് ആരോപണത്തിനു മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
കോൺഗ്രസ് സ്വന്തം എംഎൽഎമാരെ പോലും പരിഗണിക്കുന്നില്ല. അവർ പാർട്ടി വിടുമ്പോൾ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നു. 25 കോടിക്കു ഗുജറാത്തിലെ കോൺഗ്രസ് പാർട്ടിയെ മുഴുവനായി വാങ്ങാമെന്നും വിജയ് രൂപാണി പറഞ്ഞു.
മഹാരാഷ്ട്ര സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ഗുജറാത്ത് മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസ് സഖ്യത്തോടെയുള്ള മഹാരാഷ്ട്രയിലെ സർക്കാർ ദൈവകൃപയിലാണ് കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമായതെന്നും രൂപാണി പറഞ്ഞു.