ഗോകാർട്ടിൽ മുടി കുരുങ്ങി പെണ്‍കുട്ടിക്ക് ദാരുണമരണം
ഹൈദരാബാദ്: ഗോകാർട്ടിങിനിടെ മുടി കുരുങ്ങി പെണ്‍കുട്ടിക്ക് ദാരുണമരണം. ഹൈദരാബാദ് സ്വദേശിനയും, ബി ടെക് വിദ്യാർഥിനിയുമായ ശിവവർഷിണിയാണ്(20) വ്യാഴാഴ്ച മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഗുറാം ഗുഡയിലെ അമ്യൂസ്മെന്റ് പാർക്കിൽ എത്തിയതായിരുന്നു ശിവവർഷിണി. ഇവിടെ ഗോകാർട്ട് ഉപയോഗിക്കുന്നതിനിടെ ചക്രങ്ങളിൽ പെണ്‍കുട്ടിയുടെ മുടി കുടുങ്ങുകയായിരുന്നു. അപകടത്തിൽപ്പെട്ട ശിവവർഷിണിയുടെ നിലവിളി കേട്ട് ആളുകൾ എത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗോകാർട്ടിന്റെ ചക്രത്തിൽ ശിവവർഷിണിയുടെ മുടി കുടുങ്ങി ശിരോചർമം വേർപ്പെട്ടിരുന്നു. ധരിച്ചിരുന്ന ഹെൽമറ്റും തകർന്നു. ശിവവർഷിണി അപകടത്തിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സുഹൃത്തുക്കളുടെ ഫോണിൽ പതിഞ്ഞിട്ടുണ്ട്. ഗോകാർട്ട് സോണ്‍ നടത്തിപ്പുകാരുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നു ശിവവർഷിണിയുടെ ബന്ധുക്കൾ ആരോപിച്ചു. ഗോകാർട്ട് നടത്തിപ്പുകാർക്കെതിരെ അവർ മീർപേട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

