• Breaking News

    “സ്മിത മേനോൻ മഹിള മോര്‍ച്ചയുടെ ഭാരവാഹിയായതിന്റെ ഉത്തരവാദിത്തം എനിക്കാണ്, മുരളീധരനല്ല”: കെ സുരേന്ദ്രൻ

    "I am responsible for Smitha Menon being in charge of Mahila Morcha, not Muraleedharan": K Surendran , www.thekeralatimes.com

    മഹിള മോര്‍ച്ച സെക്രട്ടറിയായി സ്മിത മേനോനെ നിയമിച്ചതില്‍ വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. സ്മിത മേനോനെ ശുപാര്‍ശ ചെയ്തത് താനാണെന്നും ഇനിയും ഇത്തരം നിയമനങ്ങളുണ്ടാകുമെന്നും കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര മന്ത്രി വി മുരളീധരനുമായി ബന്ധപ്പെട്ട് തുടർച്ചയായിട്ടുള്ള ചില അപകീർത്തികരമായ ആരോപണങ്ങൾ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലും ചില ഒറ്റപ്പെട്ട മാധ്യമങ്ങളുടെ നേതൃത്വത്തിലും സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുകയാണ്. അതിനോട് പ്രതികരിക്കേണ്ടതില്ല എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചിരുന്നത് കാരണം അടിസ്ഥാനരഹിതമായിട്ടുള്ള, ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം പരിപാടികളോടെ പ്രതികരിക്കേണ്ടതില്ല എന്ന നിലയായിരുന്നു സ്വീകരിച്ചു വന്നിരുന്നത്. എന്നാൽ അപകീർത്തികരമായ പരമാർശങ്ങൾ എല്ലാ സീമകളും ലംഘിച്ചത് കൊണ്ടാണ് ചില കാര്യങ്ങൾ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. വി മുരളീധരനെതിരെ വിഷലിപ്തമായ വ്യക്തി ഹത്യയാണ് നടക്കുന്നത് സി.പി.എം നേതാക്കളുടെ ഒത്താശയോടെ ആണ് അവരുടെ സൈബർ സംഘങ്ങൾ അടക്കം ഈ പ്രചാരണം ഏറ്റു പിടിച്ചിരിക്കുന്നത് എന്നും സുരേന്ദ്രൻ അഭിപ്രയപ്പെട്ടു.

    മഹിളാ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയായ സ്മിത മേനോന്‍ ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിനെ സംബന്ധിച്ചാണ് ഈ ആരോപണങ്ങളെല്ലാം ഉയർന്ന് വന്നിരിക്കുന്നത്. സ്മിത മേനോന്‍ മഹിളാ മോര്‍ച്ച സെക്രട്ടറിയായത് വി മുരളീധരന്റെ ശുപാര്‍ശ പ്രകാരമാണെന്ന ആരോപണങ്ങളും പ്രചരിക്കപ്പെടുന്നുണ്ട്. മുരളീധരന്റെ ശുപാര്‍ശ പ്രകാരമല്ല സ്മിത മേനോന്‍ മഹിള മോര്‍ച്ചയുടെ സെക്രട്ടറിയായത്. അവര്‍ മഹിള മോര്‍ച്ചയുടെ ഭാരവാഹിയായതിന്റെ പൂര്‍ണ ഉത്തരവാദിത്തം ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയില്‍ തനിക്കാണ് എന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി.

    തന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അവര്‍ മഹിളാ മോര്‍ച്ചയുടെ പദവിയിലേക്ക് വന്നത്. പോഷക സംഘടനകളിലും പാര്‍ട്ടിയിലും കൂടുതല്‍ പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തണം എന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് സ്മിത മേനോനെ മഹിള മോര്‍ച്ചയുടെ സംസ്‌ഥാന ഭാരവാഹിപ്പട്ടികയില്‍ ഇടം കൊടുത്തത്. ഇനിയും അത്തരം ആളുകളെ പാര്‍ട്ടിയിലും പോഷക സംഘടനകളിലും ഉള്‍പ്പെടുത്താൻ തന്നെയാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത് എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

    സ്മിത മേനോന്റെ കുടുംബം നാലഞ്ച് പതിറ്റാണ്ടുകളായി സംഘ്പരിവാറുമായി അടുത്ത ബന്ധമുള്ളവരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അവരുടെ വീട്ടില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും എത്രയോ നേതാക്കന്മാര്‍ പോവുകയും താമസിക്കുകയും ചെയ്യാറുണ്ട്. മുതിര്‍ന്ന നേതാക്കളുടെ എല്ലാം അനുഗ്രഹാശ്ശിസുകള്‍ ഏറ്റുവാങ്ങിയിട്ടുള്ള ഒരു കുടുംബമാണ്. അവരുമായി വ്യക്തിപരമായ ബന്ധം സ്ഥാപിച്ചിട്ടുള്ള കുടുംബമാണ്. അതുകൊണ്ടുതന്നെ അവര്‍ പാര്‍ട്ടിക്ക് അന്യരാണെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

    ഈ പ്രചാരണങ്ങളൊന്നും സ്മിതാ മേനോന്റെ കുടുംബത്തെ ഉദ്ദേശിച്ചുള്ളതല്ലെന്ന് വ്യക്തമാണ്. ഈ പ്രചാരണങ്ങളെല്ലാം വി മുരളീധരനെ ഉദ്ദേശിച്ചാണ് ഇവിടെ നടത്തുന്നതെങ്കില്‍ അതെല്ലാം പച്ചക്കള്ളമാണ്. ഒരു ചട്ട ലംഘനവും വി.മുരളീധരൻ നടത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയെന്ന വാര്‍ത്തയും തെറ്റാണ്. മലയാളത്തില്‍നിന്നുള്ളള്‍പ്പെടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഒരു മന്ത്രി എന്ന നിലയില്‍ അത്തരം സമ്മേളനങ്ങളില്‍ ആളുകള്‍ പങ്കെടുക്കുന്നതിന് ഒരു ഉത്തരവാദിത്തവും മുരളീധരനില്ല. സ്വര്‍ണ കള്ളക്കടത്ത് കേസില്‍നിന്നും ശ്രദ്ധ തിരിക്കാനാണ് മുരളീധരനെതിരെയുള്ള ആരോപണങ്ങളെങ്കില്‍ അതിനുവെച്ച വെള്ളം വാങ്ങി വെക്കുന്നതാണ് നല്ലതെന്നാണ് തനിക്ക് ഇടതുപക്ഷത്തോട് പറയാനുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും സര്‍ക്കാരും നടത്തിയ കോടികളുടെ തട്ടിപ്പ് ബിജെപി അതിശക്തമായി തന്നെ ഏറ്റെടുത്ത് ജനങ്ങൾക്കിടയിൽ സമരം സംഘടിപ്പിച്ച് മുമ്പോട്ട് പോകുക തന്നെ ചെയ്യും എന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.