കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് പരാമര്‍ശം; കങ്കണയ്‌ക്ക് എതിരെ കേസെടുക്കണമെന്ന് കോടതി നിര്‍ദ്ദേശം
കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റാവത്തിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. കര്‍ണാടകയിലെ തുമകുരു ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നടിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.
അഭിഭാഷകനായ എല്‍. രമേഷ് നായിക് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. ക്യാതസാന്ദ്ര പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെകര്‍ക്കാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
“പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് കലാപത്തിന് കാരണക്കാരായവരാണ് ഇപ്പോള്‍ കാര്‍ഷിക ബില്ലിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നത്. അവര്‍ തീവ്രവാദികളാണ്”- സെപ്തംബര്‍ 21-ലെ കങ്കണയുടെ ഈ ട്വീറ്റിനെതിരെയായിരുന്നു പരാതി.
സമൂഹത്തിൽ കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് കങ്കണയുടെ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് രമേഷ് പരാതി നൽകിയിരുന്നത്. കങ്കണയുടെ പോസ്റ്റ് വിവിധ പ്രത്യയശാസ്ത്രങ്ങൾ വിശ്വസിക്കുന്നവർ തമ്മിൽ സംഘട്ടനത്തിന് കാരണമായേക്കാമെന്ന് പരാതിയിൽ പറഞ്ഞിരുന്നു.
എന്നാൽ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ കങ്കണ ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ കര്‍ഷകരെ തീവ്രവാദികളോട് താരതമ്യം ചെയ്തത് ഏറെ ദുഃഖകരമാണെന്നും രാജ്യത്ത് കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് ഈ ട്വീറ്റിലൂടെ കങ്കണ നടത്തിയതെന്നും അഭിഭാഷകന്‍ പരാതിയില്‍ വിശദീകരിച്ചു. പൊലീസോ സര്‍ക്കാരോ കങ്കണക്കെതിരെ നടപടിയെടുത്തില്ല. ഈ വാദം പരിഗണിച്ചാണ് കങ്കണക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

