• Breaking News

    ‘ബി.ജെ.പിയും കോൺഗ്രസും ക്രിമിനലുകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു’; അക്രമരാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് കോടിയേരി

    ‘BJP and Congress have become a haven for criminals’; Kodiyeri urges people to give up violence , www.thekeralatimes.com

    തൃശൂര്‍ കുന്നംകുളത്ത് പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം. കൊലപാതകം നടത്തിയത് സംഘപരിവാറുകാരാണ്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയവരും ഇക്കൂട്ടത്തിലുണ്ട്. ബി.ജെ.പിയും കോൺഗ്രസും ക്രിമിനലുകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. സിപിഎം പ്രവര്‍ത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങള്‍ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

    പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ആര്‍ എസ് എസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൂടെയുള്ള മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും ആക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പുതുശ്ശേരി പ്രദേശത്തെ ജനങ്ങളൊന്നാകെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സനൂപിന്റെ മാനവികത തിരിച്ചറിഞ്ഞവരാണ്. എപ്പോഴും ജനങ്ങള്‍ക്കിടയിലായിരുന്ന ആ യുവാവ്, സകലര്‍ക്കും പ്രിയങ്കരനുമായിരുന്നു. അതിനാലാണ് ആര്‍ എസ് എസ് കാപാലികര്‍ കൊലക്കത്തി കൊണ്ട് തീര്‍ത്ത് കളഞ്ഞത്.

    ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂര്‍ച്ചയാല്‍ ഇല്ലാതാക്കാമെന്ന ആര്‍ എസ് എസ് – ബി ജെ പി – കോണ്‍ഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തില്‍ സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ സനൂപടക്കം നാല് സിപിഎം പ്രവര്‍ത്തകരാണ് കൊലക്കത്തിക്ക് ഇരയായത്.

    കുന്നംകുളത്ത് സഖാവ് സനൂപിനെ വെട്ടിക്കൊല്ലാന്‍ നേതൃത്വം നല്‍കിയത്, കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കെ ബി ജെ പിയിലേക്ക് ചേക്കേറിയ വ്യക്തിയടക്കമുള്ള സംഘപരിവാറുകാരാണ്. ബി ജെ പിയും കോണ്‍ഗ്രസും ക്രിമിനലുകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. ആ പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ ക്രിമിനലുകളായ പ്രവര്‍ത്തകരെ രാഷ്ട്രീയ ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്നു. ഗൂഢാലോചനകള്‍ നടത്തുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.