കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയെന്നും തെളിവുകള്‍ ഹാജരാക്കിയെന്നും ഇബ്രാഹിം കുഞ്ഞ്
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മൊഴി നല്‍കിയെന്നും തെളിവുകള്‍ ഹാജരാക്കിയെന്നും ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിനായി ഹാജരായത്. പൊതുമരാമത്ത് മന്ത്രിയായിരിക്കെ ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെന്നാണ് കേസ്. നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഇടപാട്.
പിന്നീട് ഈ പണം ഇബ്രാഹിം കുഞ്ഞ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. കേസില്‍ മൂന്ന് മാസം മുന്‍പ് അന്വേഷണം തുടങ്ങിയ ഇ ഡി ഇബ്രാഹിം കുഞ്ഞിന്റെയും ബന്ധുക്കളുടെയും സ്വത്തുവകകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചു. തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച ശേഷമാണ് മുന്‍ മന്ത്രിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ നിന്ന് ലഭിച്ചതാണ് ഈ തുകയെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അന്വേഷണം നടത്തുന്നത്.