• Breaking News

    ഒരു ശക്തിക്കും തന്നെ തടയാനാവില്ലെന്ന് രാഹുല്‍; ഹാത്രാസില്‍ കനത്ത പൊലീസ് വിന്യാസം ഒരുക്കി സര്‍ക്കാര്‍

    Rahul says no force can stop him; The government has set up a heavy police deployment in Hathras , www.thekeralatimes.com

    ലഖ്‌നൗ:
    ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെത്തുന്നതിന് മുന്‍പ് പ്രദേശത്ത് കനത്ത പൊലീസ് വിന്യാസം ഒരുക്കി യു.പി സര്‍ക്കാര്‍. ഹാത്രാസിലെ ബൂള്‍ഗാര്‍ഹി ഗ്രാമത്തിന് പുറത്തായാണ് പൊലീസുകാരെ വിന്യസിച്ചിരിക്കുന്നത്.

    ഹാത്രാസിലെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും കുടുംബത്തെ കണ്ടിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഹാത്രാസിലെ പെണ്‍കുട്ടിയോടും കുടുംബത്തോടും യു.പി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനും ഇത് സഹിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

    ഇത് രണ്ടാം തവണയാണ് രാഹുല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള ശ്രമം നടത്തുന്നത്. പ്രിയങ്ക ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഹാത്രാസിലേക്ക് വരുന്നത്.

    അതേസമയം ഹാത്രാസില്‍ മാധ്യങ്ങളെ അനുവദിച്ചതായി സദാര്‍ എസ്.ഡി.എം പ്രേം പ്രകാശ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അവസാനിക്കുന്ന മുറയ്ക്ക് മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം എടുത്തുകളയുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അഞ്ചിലേറെ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

    യു.പി സര്‍ക്കാര്‍ ധാര്‍മ്മികമായി വലിയ തെറ്റാണ് ആ കുടുംബത്തോട് ചെയ്തതെന്നായിരുന്നു ഇന്ന് രാവിലെ പ്രിയങ്ക പ്രതികരിച്ചത്. ആ പെണ്‍കുട്ടിക്ക് ശരിയായ ചികിത്സ നല്‍കിയില്ല. കൃത്യസമയത്ത് പരാതി സ്വീകരിച്ചില്ല. അവളുടെ ശരീരം കുടുംബത്തിന്റെ അനുമതി പോലുമില്ലാതെ കത്തിച്ചുകളഞ്ഞു. അവരെ ഇപ്പോള്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് ആ കുടുംബം കടന്നുപോന്നത്. ഈ നടപടികളൊന്നും രാജ്യത്തിന് സ്വീകാര്യമല്ല, പ്രിയങ്ക പറഞ്ഞു.

    കഴിഞ്ഞ തവണ ഹാത്രാസിലേക്ക് പുറപ്പെട്ട രാഹുലിന് നേരെ പൊലീസ് കയ്യേറ്റമുണ്ടായിരുന്നു. രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.