പിടിച്ചിട്ട വാഹനങ്ങള്‍ ഓൺലൈൻ വിൽപനയ്ക്ക്; ലേലം ചെയ്യാനൊരുങ്ങി പോലീസ്
കോഴിക്കോട്: സംസ്ഥാനത്ത് പിടിച്ചിട്ട വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയുമായി കേരള പോലീസ്. സിറ്റി പോലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ട വാഹനങ്ങള്‍ നീക്കം ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. എലത്തൂര്‍, നടക്കാവ്, വെള്ളയില്‍, ചേവായൂര്‍, കുന്ദമംഗലം, മാവൂര്‍, മെഡിക്കല്‍ കോളജ്, ടൗണ്‍, ചെമ്മങ്ങാട്, കസബ, പന്നിയങ്കര, മാറാട്, ബേപ്പൂര്‍, നല്ലളം, ഫറോക്ക്, ട്രാഫിക് യൂനിറ്റ് എന്നീ സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്നതും അവകാശികള്‍ ഇല്ലാത്തതുമായ 29 ലോട്ടുകളില്‍ ഉള്‍പ്പെടുത്തിയ 714 വാഹനങ്ങളാണ് ലേലം ചെയ്ത് വില്‍ക്കുന്നത്.
പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ വാഹനങ്ങൾ നിറയുന്നത് തടയുന്നതിന് വേണ്ടിയും, പിടിച്ചെടുത്ത വാഹനങ്ങള്‍ പരിശോധന കഴിഞ്ഞ് ഉടന്‍ വിട്ടുനല്‍കണമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചതോടെയാണ് വാഹനങ്ങള്‍ നീക്കാന്‍ തീരുമാനമായത്. എം.എസ്.ടി.സി ലിമിറ്റഡിന്റെ www.mstccommerce.com മുഖേന ഇ-ഓക്ഷന്‍ വഴി ഒക്ടോബര്‍ 14ന് രാവിലെ 11 മുതല്‍ 3.30 വരെയാണ് ഓണ്‍ലൈന്‍ വില്‍പന നടത്തുക. എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്സൈറ്റില്‍ ബയര്‍ ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാമെന്ന് സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2722673 എന്ന ഫോണ്‍ നമ്ബറില്‍ ബന്ധപ്പെടാം.
വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍, മറ്റു നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ തുടങ്ങിയവയാണ് സ്റ്റേഷന് വളപ്പുകളിലുള്ളത്. ബൈക്കുകള്‍, ഓട്ടോ, കാര്‍, ടിപ്പര്‍ തുടങ്ങിയ വാഹനങ്ങളാണ് ലേലം ചെയ്യുന്നവയിലേറെയും. വര്‍ഷങ്ങളായി പിടിച്ചിട്ട വാഹനങ്ങള്‍ക്കുള്ളില്‍ ക്ഷുദ്ര ജീവികളടക്കം താവളമാക്കുന്നത് ഭീഷണി സൃഷ്ടിച്ചിരുന്നു.
എന്നാൽ ഇത്തരം വിഷയത്തില്‍ ഹൈകോടതിവരെ അതൃപ്തി അറിയിക്കുകയും കോവിഡ് പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷനുകളും പരിസരവും വൃത്തിയായിരിക്കണമെന്നതും മുന്‍നിര്‍ത്തിയാണ് വാഹനങ്ങള്‍ ഒഴിവാക്കാന്‍ ദ്രുതഗതിയില്‍ നടപടി സ്വീകരിച്ചത്.

