വി ഗാര്‍ഡ് രണ്ടാംപാദ വരുമാനത്തില്‍ മാറ്റമില്ല
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പാദ സാമ്പത്തിക ഫലം പ്രഖ്യാപിച്ചു. അറ്റ വരുമാനം മാറ്റമില്ലാതെ തുടരുന്നു. 2020 സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തിലെ ആകെ പ്രവര്‍ത്തന വരുമാനം 623 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേപാദത്തില്‍ 623.27 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 51.62 കോടി രൂപയായി. മുന്‍വര്‍ഷം 58.75 കോടി രൂപയായിരുന്നു.
പമ്പുകള്‍, ഫാനുകള്‍, ഡിജിറ്റല്‍ യുപിഎസുകള്‍ എന്നീ വിഭാഗങ്ങളില്‍ മികച്ച വില്‍പ്പന കാഴ്ചവെച്ചു. കൂടാതെ വാട്ടര്‍ പ്യൂരിഫയര്‍, ബ്രേക്ക്ഫാസ്റ്റ് ഉപകരണങ്ങള്‍, കിച്ചന്‍ ഹോബുകള്‍, ചിംനികള്‍ എന്നീ പുതിയ ഉല്‍പ്പന്ന ശ്രേണികളും വി-ഗാര്‍ഡ് രണ്ടാം പാദത്തില്‍ പുതുതായി അവതരിപ്പിച്ചു. ഇസോപ് നീക്കിയിരിപ്പുമായി ബന്ധപ്പെട്ട് ഈ പാദത്തില്‍ 2.6 കോടി രൂപ ഒറ്റത്തവണയായി തിരിച്ചെടുത്തു. മുന്‍ വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 10.12 കോടി രൂപയായിരുന്നു.ജാഗ്രതയോടെയുള്ള പ്രവര്‍ത്തന മൂലധന മാനേജ്‌മെന്റിന്റെ പിന്‍ബലത്തില്‍ ക്രയവിക്രയങ്ങളിലൂടെയുള്ള പണലഭ്യത കരുത്തോടെ തുടരുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കമ്പനി സമഗ്രമായ സുരക്ഷാ പ്രോട്ടോകോളുകള്‍ ഏര്‍പ്പെടുത്തി. കമ്പനി പ്ലാന്റുകളും വെയര്‍ഹൗസുകളും ഈ ഈ പ്രോട്ടോകോളുകളും സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഓഫീസുകളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരില്‍ വലിയൊരു ശതമാനവും ഇപ്പോഴും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.
'ഈ പാദത്തില്‍ കേരളം ഒഴികെ ഞങ്ങളുടെ വിപണികളില്‍ ഏറെയും സാധാരണ നിലയിലേക്ക് തിരിച്ചെത്തി. കേരളത്തില്‍ ഈയിടെ കോവിഡ് വ്യാപനം ഉയര്‍ന്നതാണ് കാരണം. ഞങ്ങളുടെ സിക്കിമിലെ ഉല്‍പ്പാദന യൂണിറ്റിലും പ്രധാന വിതരണക്കാര്‍ക്കും തടസ്സം നേരിട്ടതിനെ തുടര്‍ന്ന് വിതരണത്തിലും കാര്യമായ തടസ്സമുണ്ടായി. ഈ പാദത്തില്‍ പുതിയ ഉല്‍പ്പന്ന ശ്രേണി കൂടി അവതരിപ്പിക്കാന്‍ കഴിഞ്ഞു. വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ഉത്സവ സീസണ്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ അടുത്ത പാദത്തോടെ വളര്‍ച്ചാ പാതയില്‍ തിരിച്ചെത്താനാകുമെന്ന് വിശ്വാസമുണ്ട്,' വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

