• Breaking News

    കോൺ​ഗ്രസ് അധികാരത്തിൽ വന്നാൽ കാർഷിക നിയമങ്ങൾ റദ്ദ് ചെയ്യും; പഞ്ചാബിലെ കർഷക റാലിയിൽ രാഹുൽ ​ഗാന്ധി

    Agriculture laws will be repealed if Congress comes to power; Rahul Gandhi at a farmers' rally in Punjab , www.thekeralatimes.com

    കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ വിവാദമായ കാർഷിക നിയമങ്ങൾ നീക്കംചെയ്യുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷക നിയമത്തിനെതിരായി പഞ്ചാബിൽ നടന്ന കർഷക റാലിയിലാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന.

    ‘ഖേടി ബചാവോ യാത്ര’യുടെ ഭാഗമായി ബധാനി കാലാനിൽനിന്ന് ജത്പുര വരെ രാഹുൽ ട്രാക്ടർ റാലി നയിച്ചു. ഈ നിയമങ്ങളിൽ കർഷകർ സന്തോഷവാന്മാരെങ്കിൽ എന്തിനാണ് രാജ്യമെങ്ങും പ്രതിഷേധം നടത്തുന്നതെന്നും പഞ്ചാബിലെ ഓരോ കർഷകനും പ്രതിഷേധിക്കുന്നതെന്തിനെന്നും രാഹുൽ ചോദിച്ചു.

    കേന്ദ്രസർക്കാരിന്റെ ഏകലക്ഷ്യം താങ്ങുവിലയും ഭക്ഷ്യസംഭരണ സംവിധാനവും തകർക്കുക എന്നുളളതാണ്. അതുചെയ്യാൻ സർക്കാരിനെ കോൺഗ്രസ് ഒരിക്കലും അനുവദിക്കില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

    കേന്ദ്രസർക്കാരിന്റെ നടപടിയെ രാഹുൽ ​ഗാന്ധി രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ ആറു വർഷമായി പ്രധാനമന്ത്രി മോദി ജനങ്ങളോടു കള്ളം പറയുകയാണ്. ഈ സർക്കാരിന്റെ ചരട് അംബാനിമാരുടെയും അദാനിമാരുടെയും കൈകളിലാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

    ഭക്ഷ്യധാന്യങ്ങളുടെ സംഭരണം, താങ്ങുവില, സർക്കാർ നിയന്ത്രണത്തിലുളള മൊത്തവ്യാപര വിപണികൾ എന്നിവയടങ്ങുന്ന സംവിധാനത്തെ തകർക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.