പ്രാര്‍ഥനകള്‍ വിഫലം; മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന്‍ മരിച്ചു
മധ്യപ്രദേശിലെ നിവാരയിൽ കുഴൽക്കിണറിൽ കുടുങ്ങിയ മൂന്നു വയസുകാരൻ പ്രഹ്ലാദ് മരിച്ചു. 96 മണിക്കൂറുകൾക്ക് ശേഷം ഇന്ന് പുലർച്ചയോടെ പ്രഹ്ലാദിനെ പുറത്ത് എടുത്തിരുന്നു. എന്നാൽ കുട്ടി മരിച്ചതായി മെഡിക്കൽ സംഘം അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് വീടിന് സമീപം വയലിൽ കളിച്ചുകൊണ്ടിരിക്കെ മൂന്നു വയസുകാരൻ പ്രഹ്ലാദ് 58 അടി താഴ്ചയിലേക്ക് വീണത്. സമാന്തരമായി ചെറിയ കുഴിയുണ്ടാക്കി കുട്ടി വീണ കുഴിയിലേക്ക് ആളെ കടത്തിവിട്ട് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു നടത്തിയിരുന്നത്.
200 അടി താഴ്ചയിലുള്ള കുഴല്‍ കിണറില്‍ 60 അടിയില്‍ കുഞ്ഞ് തങ്ങി നില്‍ക്കുകയായിരുന്നു. 60 അടി താഴ്ചയിലേക്ക് എത്തുന്നതിന് സമാന്തരമായാണ് കുഴി നിര്‍മാണം ആരംഭിച്ചിരുന്നത്. റെയില്‍വേ മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവ ഇതിനായി ഇവിടെ എത്തിച്ചിരുന്നു. അതിനിടെ കുഴിയിൽ വെള്ളം നിറഞ്ഞത് ഒരു ഘട്ടത്തിൽ രക്ഷാ പ്രവർത്തനത്തെ ബാധിച്ചു.
സമാന്തരമായി കുഴി എടുക്കുന്നതിന് ഇടയിലുണ്ടാവുന്ന അനക്കങ്ങള്‍ കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴാന്‍ ഇടയാക്കിയേക്കും എന്ന ആശങ്കയും ഉടലെടുത്തിരുന്നു. എന്നാല്‍ കുഞ്ഞിനെ കുഴില്‍ നിന്ന് രക്ഷിച്ചെങ്കിലും ജീവന്‍ തിരികെ പിടിക്കാനായില്ല.

