• Breaking News

    ഗോത്രവർഗ്ഗ മേഖലയിൽ മികവ് തെളിയിച്ച പ്രതിഭാശാലികൾക്ക് ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരം

    തിരുവനന്തപുരം: ജില്ലയിലെ ഗോത്രവർഗ്ഗ മേഖലയിൽ മികവ് തെളിയിച്ച പ്രതിഭാശാലികൾക്ക് ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരം. ജില്ലാ പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന പ്രതിഭാ പിന്തുണ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാബീഗം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഐ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസർ എ.റഹീം സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോയി മാത്യു നന്ദിയും രേഖപ്പെടുത്തി. പത്മശ്രീ ലക്ഷ്മികുട്ടി അമ്മ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു അംഗീകാരം ജില്ലാ പഞ്ചായത്ത് നൽകുന്നത്. ഗോത്രവർഗ്ഗ മേഖലയിൽ പാരമ്പര്യവൈദ്യം, ചാറ്റുപാട്ട്, കലാകാരൻമാർ, എം.ബി.ബി.എസ്, എഞ്ചിനീയറിംഗ്, എം.ഡി.എസ്, ബി.ഡി.എസ്, ബിരുദാനന്തര ബിരുദം, വെറ്ററിനറി സർജൻ, ബി.എ.എം.എസ്. തുടങ്ങിയ വിവിധ പ്രൊഫഷണൽ ബിരുദങ്ങൾ നേടിയവർ, സ്പോർട്സ്, ക്ലേ-മോഡലിംഗ്, ചിത്രരചന, കരകൗശലം, നൃത്തം, അഭിനയം തുടങ്ങി വിവിധ മേഖലയിൽ മികവ് പുലർത്തിയ ഗോത്രവർഗ്ഗ മേഖലയിലെ 139 പ്രതിഭകൾക്ക് ക്യാഷ് അവാർഡ്, മൊമെന്റോ, പ്രശംസാപത്രം എന്നിവ നൽകി ആദരിച്ചു. 2019-ൽ പത്മശ്രീ നേടിയ ആദിവാസി പാരമ്പര്യ ചികിത്സാ രംഗത്ത് വിഷചികിത്സയിൽ സേവനം അനുഷ്ഠിച്ചു വരുന്ന ലക്ഷ്മികുട്ടി അമ്മ ഉൾപ്പെടെ ജില്ലിയിലെ വിവിധ പട്ടികവർഗ്ഗ സങ്കേതങ്ങളോട് ചേർന്ന് കാട്ടിലെ വൈവിദ്ധ്യമാർന്ന പച്ചമരുന്നുകൾ ഉപയോഗിച്ച് വിവിധങ്ങളായ രോഗങ്ങൾക്ക് ചികിത്സ നടത്തി വരുന്ന പാരമ്പര്യ വൈദ്യൻമാരെ വരെ ചടങ്ങിൽ ആദരിച്ചു. ജില്ലയിലെ കാണിക്കാർ വിഭാഗത്തിന്റെ തനത് ആചാരാനുഷ്ഠാന കലയായ ചാറ്റുപാട്ട് വിഭാഗത്തിൽപ്പെട്ട കലാകാരൻമാരെ ചടങ്ങിൽ ആദരിച്ചു. ഗോത്രവർഗ്ഗ മേഖലയിൽ നിന്നും എം.ബി.ബി.എസ് (2 പേർ), എം.ഡി.എസ്. (1), ബി.എ.എം.എസ്. (1), ബി.ഡി.എസ്. (1) എം,എസ്,സി. (1), വെറ്റിനറി സർജൻ (1), കായിക മേഖലയിൽ സംസ്ഥാന തലത്തിൽ വെള്ളി മെഡൽ നേടിയ ആര്യനാട് ഗ്രാമപഞ്ചായത്തിലെ നിഖിലേഷ്, ഷോട്ട്പുട്ട് നേടിയ കൃഷ്ണ, യദു എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.