ഹയർ സെക്കന്ററി സ്കൂളുകൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു
തിരുവനന്തപുരം: ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഹയർസെക്കന്ററി സ്കൂളുകൾക്ക് കമ്പ്യൂട്ടർ എന്ന പദ്ധതി പ്രകാരമാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. 23 ഗവ.ഹയർസെക്കന്ററി സ്കൂളുകൾ, 11 ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളുകൾ ഉൾപ്പെടെ 34 വിദ്യാലയങ്ങൾക്കും തിരുവനന്തപുരം ഡയറ്റിനുമാണ് പദ്ധതിപ്രകാരം ഭാഗമായി ലാപ്പ്ടോപ്പുകൾ അനുവദിച്ചത്. പദ്ധതിയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.രജിത് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോയി മാത്യു കൃതജ്ഞതയും പറഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്ടർ സന്തോഷ് കുമാർ, വി.എച്ച്.എസ്.ഇ, ഹയർസെക്കന്ററി സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.


