മണ്ണിളക്കി യന്ത്രം ഉപയോഗിച്ചുള്ള കാർഷിക യന്ത്രവത്ക്കരണ പരിശീലന പരിപാടിക്ക് തുടക്കമായി
വെള്ളനാട് : മിത്രനികേതൻ കൃഷിവിജ്‍ഞാന കേന്ദ്രത്തിന്റെയും റിസർച്ച് ടെസ്റ്റിംഗ് ആന്റ് ട്രെയിനിങ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ വട്ടിയൂർകാവ് കൃഷിഭവന്റെ പരിധിയിലുള്ള ആന്റണി വർഗ്ഗീസിന്റെ പുരയിടത്തിൽ മിനി ടില്ലർ മണ്ണിളക്കി യന്ത്രം ഉപയോഗിച്ച് കാർഷിക യന്ത്രവത്ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. മിത്രനികേതൻ കൃഷി വിജ്‍ഞാനകേന്ദ്രം മേധാവി ഡോ.ബിനു ജോൺ സാം ഉദ്ഘാടനം ചെയ്തു. കെ.വി.കെ സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ജി.ചിത്ര അഗ്രിക്കൽച്ചറൽ എഞ്ചിനീയറിംഗ് മിനി ടില്ലറിന്റെ പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചു. ട്രാക്ടർ ഉപയോഗിച്ചുകൊണ്ടുള്ള നിലമൊരുക്കൽ അസാധ്യമാകുന്ന ചെറുകിട കൃഷി ഭൂമികളിൽ ചെറിയ മണ്ണിളക്കി യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. കുട്ടികാടുകളും പാഴ്ച്ചെടികളും നിലകൊള്ളുന്ന പുരയിടത്തെ ആദ്യം ബ്രഷ് കട്ടർ ഉപയോഗിച്ചുകൊണ്ട് കളകൾ നീക്കം ചെയ്‌ത ശേഷം ഗാർഡൻ ടില്ലർ ഉപയോഗിച്ച് മണ്ണിളക്കാമെന്ന് ചെറുകിട കർഷകർക്ക് പരിശീലനത്തിലൂടെ വിശദീകരിച്ചു. കെ.വി.കെ ശാസ്ത്രജ്ഞ ജ്യോതി റേച്ചൽ വർഗീസ്, കെ.എ.ഐ.സി.ഒ ടെക്‌നീഷ്യൻ സുരേഷ്, ആർ.ടി.ടി.സി ടെക്‌നീഷ്യന്മാരായ ബോബൻ, വാട്ട്സൺ എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു യന്ത്രവത്ക്കരണ പരിശീലനം നടത്തിയത്.

