ആത്മഹത്യാപ്രേരണ കേസ്; അർണബ് ജയിലിൽ തന്നെ തുടരണം, ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി തള്ളി
ആത്മഹത്യാപ്രേരണ കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി തള്ളി. ഇടക്കാല ജാമ്യം നൽകേണ്ട അസാധാരണ സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കീഴ്ക്കോടതിയെ സമീപിക്കാമെന്നും നാലു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.
റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയർ ഡിസൈനർ അൻവെയ് നായികും മാതാവ് കുമുദ് നായികും 2018-ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് അർണബ് അറസ്റ്റിലായത്. തുടർന്ന് കോടതി 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. അതേ സമയം അർണബ് ഗോസ്വാമിയുടെ ആരോഗ്യസ്ഥിതിയിൽ സുരക്ഷയിലും ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവർണർ രംഗത്തെത്തി.
കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണർ ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി അനിൽ ദേശ്മുഖിന് അയച്ച കത്തിൽ ഗവർണർ ഭഗത് സിംഗ് കോഷ്യാരി അർണബിന്റെ ആരോഗ്യസ്ഥിതിയിലും സുരക്ഷയിലും തനിക്ക് കനത്ത ആശങ്കയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

