കനത്ത തിരിച്ചടിയാവും; ബംഗാളിൽ കോൺഗ്രസുമായി സംഖ്യത്തിനില്ല, കൂടെ ചേർന്നാൽ സിപിഎമ്മിനാവും നഷ്ടം- തുറന്നടിച്ച് ദീപാങ്കർ ഭട്ടാചാര്യ
ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാസഖ്യം തോറ്റതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ (എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ രംഗത്ത്.
അടിത്തറ നഷ്ടപ്പെട്ട കോൺഗ്രസിന് 70 സീറ്റ് നൽകിയത് തിരിച്ചടിയായി. ബിഹാർ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് ദേശീയ നേതൃത്വം ഗൗരവമായി കണ്ടില്ലെന്നും ദീപാങ്കർ ഭട്ടാചാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്നടിച്ചു.
ബംഗാളിൽ സി.പി.ഐ (എം) കോൺഗ്രസുമായി സഖ്യത്തിൽ ചേരുന്നത് വലിയ നഷ്ടമുണ്ടാക്കും. കോൺഗ്രസുമായുള്ള ബംഗാളിലെ സഖ്യത്തിൽ സിപിഐ എംഎൽ പങ്കാളിയാവില്ലെന്നും ദീപാങ്കർ ഭട്ടാചാര്യ വ്യക്തമാക്കി.
കോൺഗ്രസിന്റെ സാമൂഹിക-രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മഹാസഖ്യത്തിന്റെ ഭാഗമായി ബീഹാറിൽ 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. മഹാസഖ്യത്തിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ് കോൺഗ്രസ്.
19 സീറ്റിൽ മത്സരിച്ച് സി.പി.ഐ (എം.എൽ) ലിബറേഷൻ 12 സീറ്റിലും വിജയിച്ചു. നാല് സീറ്റിൽ മത്സരിച്ച സി.പി.ഐ.എമ്മും ആറ് സീറ്റിൽ മത്സരിച്ച സി.പി.ഐ രണ്ട് സീറ്റ് വീതം വിജയിച്ചു.