• Breaking News

    ആരോപണങ്ങള്‍ നേരിടേണ്ടി വന്നത് മക്കളുടെ പേരില്‍; സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമ്പോഴും വിവാദങ്ങള്‍

    The allegations were made in the name of the children; Controversy erupts over CPI (M) state secretary post , www.thekeralatimes.com

    മക്കള്‍ മൂലം പദവി തെറിക്കേണ്ടി വന്ന പിതാവാണ് കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി രണ്ടാം തവണ വന്നപ്പോള്‍ മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടരെ വന്നു. വ്യക്തി എന്ന നിലയില്‍ ആരോപണങ്ങളൊന്നും കോടിയേരി ബാലകൃഷ്ണന്‍ കേള്‍പ്പിച്ചിട്ടില്ല. എന്നാല്‍ മക്കള്‍ പിതാവിന് കേള്‍പ്പിച്ചത് ചീത്തപ്പേരുകളാണ്.

    2015 ലാണ് കോടിയേരി ആദ്യം സിപിഐഎം സംസ്ഥാന സെക്രട്ടറിയാവുന്നത്. ആരോപണങ്ങളില്ലാതെയും പാര്‍ട്ടിയെ ഭരണത്തിലെത്തിച്ചും സെക്രട്ടറി പദത്തില്‍ ആദ്യ ഊഴം പൂര്‍ത്തിയാക്കി. 2018 ല്‍ രണ്ടാം തവണ സെക്രട്ടറിയായപ്പോള്‍ കാത്തിരുന്നത് മക്കള്‍ കൊണ്ടുവന്ന പേരുദോഷങ്ങളാണ്. മൂത്ത മകന്‍ ബിനോയ് കോടിയേരി ദുബായില്‍ സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങുന്നത് 2018 ലാണ്. ദുബായ് ആസ്ഥാനമായ ജാസ് എന്ന കമ്പനി ഉടമ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി കേരളത്തിലെത്തിയതും ബിനോയ് ദുബായില്‍ കുടുങ്ങിയതും വാര്‍ത്തയായെങ്കിലും സിപിഐഎമ്മില്‍ വലിയ ചര്‍ച്ചയായില്ല. അന്ന് സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കെ. ചന്ദ്രന്‍ പിള്ള ആവശ്യപ്പെട്ടെങ്കിലും അധ്യക്ഷനായിരുന്ന എ. വിജയരാഘവന്‍ അനുവദിച്ചില്ല.

    ഇന്ന് മകനെ ചൊല്ലി കോടിയേരി ചുമതല ഒഴിയുമ്പോള്‍ പകരം വരുന്നത് അന്ന് ചര്‍ച്ച അനുവദിക്കാതിരുന്ന അതേ വിജയരാഘവനെന്നതും ശ്രദ്ധേയം. ബിനോയിയുടെ ദുബായിലെ കേസ് ഒത്തുതീര്‍ന്നതോടെ വിവാദം തീര്‍ന്നു. പക്ഷേ ഒത്തുതീര്‍പ്പിന് വേണ്ടി വന്ന കോടികള്‍ ആരു നല്‍കി എന്നത് ഇന്നും ദുരൂഹം. 2019 ല്‍ ബിനോയ്‌ക്കെതിരെ ബിഹാര്‍ സ്വദേശിയായ യുവതി മുംബൈ പൊലീസില്‍ നല്‍കിയ പരാതി ലൈംഗീക പീഡനം ഉന്നയിച്ചായിരുന്നു.

    ബിനോയിയുമായുള്ള ബന്ധത്തില്‍ മകനുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞു. ഡിഎന്‍എ പരിശോധനാ ഫലം കോടതി അടുത്ത വര്‍ഷം കേസ് പരിഗണിക്കുമ്പോഴേ വെളിപ്പെടുത്തു. അങ്ങനെ ആ വിവാദവും താല്‍ക്കാലികമായി ശമിച്ചു. ഏറ്റവുമൊടുവില്‍ ഇളയ മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്നു കടത്തു കേസില്‍ പ്രതിയായതും ബംഗളൂരുവില്‍ ജയിലിലായതും കോടിയേരിക്ക് വാദമുഖങ്ങള്‍ നിരത്തി ന്യായീകരിക്കാവുന്നതിനും അപ്പുറമായിരുന്നു.