സംസ്ഥാനത്തെ ആദ്യ വെര്‍ച്ച്വല്‍ & ടെലി ലീഗല്‍ എയ്ഡ് ക്ലിനിക്കുമായി കുസാറ്റ്
കൊച്ചി: വിവര സാങ്കേതിക വിദ്യയുടെ നൂതന സൗകര്യങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങള്‍ക്ക് നിയമോപദേശം നല്‍കുന്നതിനുള്ള 'ടെലി ലീഗല്‍ എയ്ഡ് ക്ലീനിക്ക്' എന്ന സംരംഭത്തിന് തുടക്കം കുറിച്ച്് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്. വെര്‍ച്ച്വല്‍ ഇന്റര്‍ ആക്ടീവ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ടെലി ലീഗല്‍ ഏയ്ഡ് ക്ലിനിക്കാണ് കുസാറ്റില്‍ സജ്ജമാകുന്നത്. പൊതുജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമാകുന്ന ഈ സംവിധാനം എറണാകുളം ജില്ലാ നിയമ സേവന അതോറിട്ടിയുമായി സഹകരിച്ചാണ് ഒരുക്കുന്നത്. നിശ്ചിത സമയങ്ങളില്‍ സംസ്ഥാനത്തും പുറത്തും ഉള്ളവര്‍ക്ക് വീഡിയോ കോള്‍ ഉപയോഗിച്ച് ലീഗല്‍ എയ്ഡ് ക്ലിനിക്കില്‍ നിന്ന്് സംശയ നിവാരണം നടത്താം. സ്‌ക്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് അലുമ്്‌നി അസ്സോസിയേഷനാണ് ടെലി ലീഗല്‍ ഏയ്ഡ് ക്ലിനിക്കിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ സംഭാവന ചെയ്തത്. ടെലി ലീഗല്‍ എയ്ഡ് ക്ലിനിക്കിനാവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ക്ലിനിക്കിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കുമെന്നും സ്‌ക്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ.എ. വാണി കേസരി അറിയിച്ചു.