അനധികൃതമായി ഖുർആൻ വിതരണം; മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും
അനധികൃതമായി ഖുർആൻ വിതരണം ചെയ്ത കേസിൽ മന്ത്രി കെ.ടി ജലീലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകി. കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച എത്തിച്ചേരാനാണ് നിർദ്ദേശം.
മത ഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റംസ് അന്വേഷണം നടത്തിവരികയായിരുന്നു. എൻഐഎയും ഇ.ഡിയും ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീലിനെ നേരത്തെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. മതഗ്രന്ഥങ്ങൾ എന്ന പേരിൽ സ്വർണം കടത്തിയിരുന്നോ, സ്വപ്നയുമായുള്ള പരിചയം എന്നതുൾപ്പെടെയുളള കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്.
കോൺസൽ ജനറൽ ഇങ്ങോട്ട് അറിയിച്ചതനുസരിച്ചാണ് ഭക്ഷ്യക്കിറ്റിനായി സ്വപ്ന സുരേഷിനെ ബന്ധപ്പെട്ടതെന്നായിരുന്നു മുൻപു ജലീലിന്റെ വിശദീകരണം. എന്നാൽ, 1000 ഭക്ഷ്യക്കിറ്റ് മന്ത്രി തന്നെ വിളിച്ച് ആവശ്യപ്പെട്ടുവെന്നായിരുന്നു സ്വപ്നയുടെ മൊഴി.

