മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഒരു കോടി രൂപ തട്ടിയ പ്രതിയും കാമുകിയും പിടിയിൽ
ബംഗളൂരു: മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയവഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കോടികൾ തട്ടിയ യുവാവും കാമുകിയും അറസ്റ്റിൽ. കോലാർ സിറ്റി സ്വദേശിയായ യുവതിയെയാണ് ഇവര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയത്. യുവതിയും ഭര്‍ത്താവും ബംഗളൂരു വൈറ്റ് ഫീല്‍ഡില്‍ ബിസിനസ് നടത്തുകയാണ്. ഇവര്‍ക്ക് 8 വയസുള്ള ഒരു മകനും ഉണ്ട്.
11 വര്‍ഷം മുമ്പ് യുവതിയും മഹേഷ് എന്ന വ്യക്തിയും തമ്മിൽ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിയുകയും വർഷങ്ങളോളം തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം മഹേഷ് യുവതിക്ക് വാട്ട്സാപ്പിൽ സന്ദേശം അയയ്ക്കുകയും തുടർന്ന് ഇരുവരും തമ്മിൽ വീണ്ടും സൗഹൃദത്തിലാക്കുകയുണ്ടായി. പിന്നിട് മഹേഷിന്റെ നിലവിലെ കാമുകിയാണെന്ന് പരിചയപ്പെടുത്തി അനുശ്രീ എന്ന ഒരു യുവതിയും ഇവർക്ക് മെസേജ് അയക്കുകയുണ്ടായി. ഇതോടെ മൂന്ന് പേരും തമ്മിൽ സൗഹൃദത്തിലായി. ഇതിന് പിന്നാലെയാണ് തട്ടിപ്പ് ഒരുങ്ങിയത്.
യുവതിയോട് തന്റെ കുറച്ചു ചിത്രങ്ങൾ അയച്ചു നൽകാൻ അനുശ്രീ ആവശ്യപ്പെടുകയുണ്ടായി. ഇവർ ഇത് നൽകുകയും ചെയ്‌തു. തുടർന്ന് ആ ചിത്രങ്ങളും മഹേഷിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തി മോർഫ് ചെയ്‌ത ചിത്രങ്ങൾ കാണിച്ചാണ് അനുശ്രീ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്‌തത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചാൽ തന്റെ 11 വർഷത്തെ കുടുംബ ജീവിതം താറുമാറാകുമെന്ന് മനസിലാക്കിയ യുവതി പണം നൽകാൻ തയാറാക്കുകയുണ്ടായി.
ഒരു വർഷത്തിനുള്ളിൽ 1.3 കോടി രൂപയാണ് യുവതി ഇവർക്ക് നൽകിയിരിക്കുന്നത്. എന്നാല്‍ അക്കൌണ്ടില്‍ നിന്നും തുടര്‍ച്ചയായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ ഭര്‍ത്താവ് കാരണം യുവതിയോട് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് എത്തിയത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ മഹേഷിനെയും അനുശ്രീയേയും പൊലീസ് അറസ്റ്റു ചെയ്‌തു. ഇവരെ ചോദ്യം ചെയ്തുവരുകയാണ് എന്ന് ബംഗളൂരു പൊലീസ് പറഞ്ഞു.