”മാധ്യമ സ്വാതന്ത്രം ഇവർക്ക് ബാധകമല്ലേ”; അർണബിന് മുമ്പ് അറസ്റ്റിലായവരെ ഓർമ്മയുണ്ടോ, കേന്ദ്രത്തിന് എതിരെ പ്രതിഷേധം
റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് മാധ്യമ സ്വാതന്ത്രത്തിനെതിരായ ലംഘനമാണെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം കനക്കുന്നു.
മോദി സർക്കാരിന്റെ ഭരണകാലയളവിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകരുടെ ലിസ്റ്റ് പുറത്ത് വിട്ടു കൊണ്ടാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്. ഇതാദ്യമായല്ല ഒരു മാധ്യമ പ്രവർത്തകൻ അറസ്റ്റ് ചെയ്യപ്പെടുന്നതെന്ന് ബി.ജെ.പി നേതാക്കളെ ഓർമ്മപ്പെടുത്താനാണ് പ്രതിഷേധം.
അർണബിന്റെ അറസ്റ്റ് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള മഹാരാഷ്ട്ര സർക്കാറിന്‍റെ കടന്നുകയറ്റമെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിമർശം. പ്രകാശ് ജാവദേക്കറും സ്മൃതി ഇറാനിയും സംഭവത്തെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് അടുത്തിടെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി ബി.ജെ.പി സർക്കാർ അറസ്റ്റ് ചെയ് മാധ്യമ പ്രവർത്തകരുടെ ലിസ്റ്റ് പുറത്ത് വിട്ടത്.
സിദ്ദിഖ് കാപ്പൻ
ഒക്ടോബർ 5- നാണ് അഴിമുഖം കോമിലെ റിപ്പോർട്ടറായ സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹാത്രാസിൽ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുമ്പോഴാണ് അറസ്റ്റ് ചെയ്തത്. സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യു.എ.പി.എയാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
സെവാങ് റിഗ്സിൻ
സെപ്റ്റംബർ 5- നാണ് സ്റ്റേറ്റ് ടൈംസിന്റെ ലേഖകനായ സെവാങ് റിഗ്സിൻ അറസ്റ്റിലായത്. ബി.ജെ.പി, എം.പിക്കെതിരെ പ്രസ്താവന നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കേസിൽ അന്നു തന്നെ ജാമ്യം ലഭിക്കുകയും ചെയ്തു.
രാജിബ് ശർമ്മ
ജൂലൈ 16- നാണ് അസമിലെ ഡി.വൈ 365 ൻറെ ലേഖകൻ രാജിബ് ശർമ്മയെ അറസ്റ്റ് ചെയ്യുന്നത്. ജില്ലാ വനം ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിമർശനങ്ങൾ ഉയർന്നതോടെ ഫോറസ്റ്റ് ഓഫീസർക്കെതിരായ കേസ് അന്വേഷിക്കാൻ സർക്കാർ ഉത്തരവിടുകയായിരുന്നു.
രാഹുൽ കുൽക്കർണി
ഏപ്രിലിലാണ് പ്രമുഖ മറാത്തി വാർത്താചാനലായ എ.ബി.പി മജ്ഹയുടെ എക്സിക്യൂട്ടീവ് എഡിറ്ററുമായ കുൽക്കർണിയെ അറസ്റ്റു ചെയതത്. കുടിയേറ്റ തൊഴിലാളികൾക്കായുള്ള പാസഞ്ചർ ട്രെയിനിനെ കുറിച്ചുള്ള വാർത്ത വ്യാജമാണെന്ന് കാട്ടിയാണ് അറസ്റ്റ്. നാലുമാസത്തിനു ശേഷം അദ്ദേഹത്തെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി.
കിഷോർ ചന്ദ്ര വാങ്ഖൈം
ബിജെപി നേതാവിൻരെ ഭാര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിനോട് പ്രതികരിച്ചതിനാണ് മണിപ്പൂരി മാധ്യമ പ്രവർത്തകനായ കിഷോർ ചന്ദ്ര വാങ്ഖൈം അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തി മണിപ്പൂരി വാങ്‌ഖെയെ അറസ്റ്റ് ചെയ്തത്.
2018- ലായിരുന്നു ആദ്യത്തെ അറസ്റ്റ്. 2019- ൽ ഹൈക്കോടതി ഈ കേസിൽ അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ റദ്ദാക്കുകയും ചെയ്തു
പ്രശാന്ത് കനോജിയ
സ്വതന്ത്ര മാധ്യമ പ്രവർത്തകനായ കനോജിയയെ ഉത്തർപ്രദേശ് പൊലീസ് രണ്ട് വർഷത്തിനിടെ രാജദ്രോഹ കുറ്റം ചുമത്തി രണ്ട് തവണ അറസ്റ്റ് ചെയ്തു. രണ്ടു കേസുകളിലും കോടതി പ്രശാന്ത് കനോജിയെ വിട്ടയക്കാൻ ഉത്തരവിട്ടു.
ധവാൽ പട്ടേൽ
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെ കുറിച്ച് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ധവാൽ പട്ടേൽ എന്ന ന്യൂസ് പോർട്ടൽ എഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആഴ്ചകൾക്ക് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
നരേഷ് ഖോഹാൽ
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കാട്ടിയാണ് ഹരിയാനയിലെ ഫോട്ടോ ജേർണലിസ്റ്റ് ഖോഹൽ അറസ്റ്റിലായത്. അയൽവാസികൾ കല്ലെറിഞ്ഞ വിവരം പൊലീസിന് അറിയിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഒരു മാസത്തിനു ശേഷം നടന്ന അന്വേഷണത്തിൽ അദ്ദേഹത്തിൻറെ അറസ്റ്റ് ഉചിതമല്ലെന്ന് കണ്ടെത്തി വിട്ടയച്ചു.
രാജീവ് ശർമ്മ
ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ഡൽഹി പൊലീസ് സ്വതന്ത്ര മാധ്യമ പ്രവർത്തകനും വിദേശനയ കമന്റേറ്ററുമായ ശർമയെ അറസ്റ്റ് ചെയ്തത്.

