• Breaking News

    ഫാഷൻ ഗോൾഡ് തട്ടിപ്പ്; എം.സി കമറുദ്ദീൻ എം.എൽ.എ അറസ്റ്റിൽ

    Fashion Gold Scam; MC Kamaruddin MLA arrested , www.thekeralatimes.com

    ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. കമറുദ്ദീനെ കാസർഗോഡ് എസ്‌.പി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഉണ്ടാവുമെന്ന് നേരത്തെ എ.എസ്‌.പി അറിയിച്ചിരുന്നു.

    രാവിലെ 10:30 ഓടെയാണ് എം.സി കമറുദ്ദീൻ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.പി വിവേക് കുമാറിന്‍റെ നേതൃത്വത്തിലാണ് എം.എല്‍.എയെ ചോദ്യം ചെയ്തത്. ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്വർണവും പണവും നിക്ഷേപകർക്ക് തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് എം.സി കമറുദ്ദീൻ എം.എൽ എയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

    ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ. എന്നാൽ ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റ‍ർ ചെയ്ത മൂന്ന് കേസുകളിൽ മാത്രമാണ് ഇപ്പോൾ കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനും ശേഷം പ്രത്യേക അന്വേഷണ സംഘത്തിനും കൈമാറുകയായിരുന്നു.

    ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കേസിൽ കമറുദ്ദീനൊപ്പം പ്രതിയായ പൂക്കോയ തങ്ങൾ ഇകെ വിഭാ​ഗം സുന്നികളുടെ ആത്മീയ നേതാവാണ്. കൂടാതെ മധ്യസ്ഥ നീക്കം നടത്താൻ ലീഗ് സംസ്ഥാന നേതൃത്യം ചുമതലപ്പെടുത്തിയ കല്ലട്ര മാഹിൻ ഹാജിയിൽ നിന്നും പ്രത്യേക അന്വേഷണ സംഘം വിരങ്ങൾ ശേഖരിച്ചിരുന്നു.