• Breaking News

    മാല മോഷ്ടിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ, തൂങ്ങി മരിച്ച ‘അമ്മ: ഒരു ദിവസം കൊണ്ട് അനാഥമായ പന്ത്രണ്ടുകാരന്റെ ദുരവസ്ഥ ആരുടേയും കരളലിയിക്കുന്നത്

    Father arrested for necklace theft The plight of an orphaned twelve-year-old in one day is heartbreaking to anyone , www.thekeralatimes.com

    കട്ടപ്പന:
    ജീവനറ്റ് നിലത്തുകിടക്കുന്ന അമ്മ, സമീപത്ത് മോഷണക്കേസിലെ പ്രതിയായ അച്ഛന്‍. ഹൃദയഭേദകമായ രംഗങ്ങള്‍ക്കാണ് കട്ടപ്പനയിലെ പൊതുശ്മശാനമായ ശാന്തിതീരം ഇന്നലെ സാക്ഷ്യം വഹിച്ചത്. മോഷണക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതറിഞ്ഞു ജീവനൊടുക്കിയ ഉപ്പുതറ പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിള ബിന്ദു(40) വിന്റെ മൃതദേഹം ഭര്‍ത്താവിന്റെയും മകന്റെയും സാന്നിദ്ധ്യത്തില്‍ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.

    ഇനിയൊരിക്കലും തിരിച്ചുവരാത്ത അമ്മയെ കണ്ടമാത്രയില്‍ ആ 12 വയസുകാരന്‍ വാവിട്ടു കരഞ്ഞു. തുടര്‍ന്ന് അച്ഛന്റെ പക്കലേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു വീണ്ടും കരഞ്ഞു. അത്രയും നേരം സങ്കടം ഉള്ളിലൊതുക്കി നിന്ന പിതാവിന്റെയും സമീപത്തുണ്ടായിരുന്നവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ഒടുവില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മകന്‍ അമ്മയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തു. അയല്‍പക്കത്തെ വീട്ടിലായിരുന്ന ആറാം ക്ലാസുകാരനെ ഇന്നലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.

    അമ്മയ്ക്ക് അസുഖം കൂടുതലായതിനാല്‍ കട്ടപ്പനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് കുട്ടിയോട് അധികൃതര്‍ പറഞ്ഞത്. പിന്നീട് കട്ടപ്പനയിലെത്തിയപ്പോഴാണ് അമ്മ മരിച്ച വിവരം അറിയിച്ചത്. അന്ത്യകര്‍മങ്ങള്‍ക്കുശേഷം കുട്ടിയെ മുരിക്കാശേരിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കും സാജുവിനെ ജയിലിലേക്കും കൊണ്ടുപോയി.

    ബിന്ദുവിന്റെ ബന്ധുക്കള്‍ ആരും എത്താത്തതിനാല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന ഭര്‍ത്താവ് സാജുവിനെ പൊന്‍കുന്നം പൊലീസ് കട്ടപ്പനയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃദേഹം ശാന്തിതീരം പൊതുശ്മശാനത്തിലെത്തിച്ചു.മാല മോഷ്ടിച്ച കേസില്‍ സാജു പിടിയിലായതറിഞ്ഞ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ബിന്ദു വാടക വീട്ടില്‍ തൂങ്ങി മരിച്ചത്.