ജമ്മു കശ്മീരിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; എട്ട് പാക്‌സൈനികർ കൊല്ലപ്പെട്ടു
ശ്രീനഗർ : നിയന്ത്രണ രേഖയിൽ പ്രകോപനം തുടരുന്ന പാകിസ്താന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. ഉറിയിലെ നിയന്ത്രണ രേഖയിൽ നടത്തിയ പ്രത്യാക്രമണത്തിൽ ഏട്ട് പാക് സൈനികർ കൊല്ലപ്പെട്ടു. 12 ഓളം പാക് സൈനികർക്ക് പരിക്കേറ്റതായാണ് വിവരം.
പലപ്പോഴും മൃദുസമീപനം പാലിച്ചിട്ടും പാകിസ്താന്റെ ഭാഗത്ത് നിന്നും പ്രകോപനത്തിന് അയവില്ലാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകാൻ തീരുമാനിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ കനത്ത നാശ നഷ്ടങ്ങളാണ് പാക് സൈന്യത്തിന് നേരിട്ടത്. ബങ്കറുകളും, ലോഞ്ച് പാഡുകളും, ഇന്ധന സംഭരണികളും ഇന്ത്യൻ സൈന്യം തകർത്തു. കൊല്ലപ്പെട്ടവരിൽ പാക് സൈനിക വിഭാഗത്തിലെ എസ്എസ്ജി കമാൻഡോകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പാകിസ്താൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാകിസ്താൻ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചു. സൈനികർക്ക് പുറമേ ഒരു സ്ത്രീയുൾപ്പെടെ നാല് പ്രദേശവാസികൾക്കും ജീവൻ നഷ്ടമായിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.