കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറി നിന്നേക്കും
കോടിയേരി ബാലകൃഷ്ണന്‍ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് തല്‍ക്കാലം മാറിനില്‍ക്കണം എന്ന ആവശ്യം പാർട്ടിയിൽ ചര്‍ച്ചയായതായി റിപ്പോർട്ട്. ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു ചർച്ച ഉയർന്നിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ട കാര്യമില്ലെന്ന് കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രകമ്മിറ്റിയോഗം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് പോകുന്ന പാര്‍ട്ടിക്കും മുന്നണിക്കും ഒരു താല്‍ക്കാലിക മാറ്റം ആവശ്യമാണെന്ന വിലയിരുത്തലിലാണ് സംസ്ഥാന ഘടകം.
മയക്കുമരുന്ന് വ്യാപാരമടക്കം ബിനീഷിന് മേല്‍ എൻഫോഴ്സ്മെന്റ് പിടിമുറുക്കുന്ന സാഹചര്യമാണുള്ളത്. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ സ്വമേധയാ തയ്യാറാണെന്നും അദ്ദേഹം നേരിട്ട് തന്നെ ഇത്തരമൊരു നിര്‍ദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് മുന്നില്‍ വെച്ചുവെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ ശനിയാഴ്ച ഓണ്‍ലൈനില്‍ സംസ്ഥാന സമിതിയും വിളിച്ചിട്ടുണ്ട്. എസ് രാമചന്ദ്രന്‍പിള്ളക്കോ, എം വി ഗോവിന്ദന്‍മാസ്റ്റര്‍ക്കോ സെക്രട്ടറി ചുമതല കൊടുക്കാനുള്ള നീക്കമാണുള്ളത്. ആരോഗ്യകാരണം പറഞ്ഞ് കോടിയേരിക്ക് താല്‍ക്കാലിക അവധി എന്ന ആശയമാണ് ചര്‍ച്ച ചെയ്യുന്നത്.

