ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് ; എം.സി കമറുദ്ദീന്‍ എംഎല്‍എയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് നേതാവ് എം.സി. കമറുദ്ദീന്‍ എംഎല്‍എയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തില്‍ വച്ചാണ് പൊലീസ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജ്വല്ലറി എംഡി പൂക്കോയ തങ്ങളേ ഒന്‍പതു മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജ്വല്ലറിയുടെ നിലവിലെ ആസ്തികള്‍ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എയെ യുഡിഎഫ് നേതൃത്വവും തള്ളി പറഞ്ഞിരുന്നു. ജാഗ്രത കുറവ് ഉണ്ടായെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്ന് ലീഗ് നേതൃത്വവും വ്യക്തമാക്കുമ്പോള്‍ ആറുമാസത്തിനകം പണം തിരിച്ച് നല്‍കുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ എംസി കമറുദ്ദീന്‍ തയാറായിരുന്നില്ല.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിന്റ പേരില്‍ പാര്‍ട്ടിക്കും, മുന്നണിക്കുമുണ്ടായ തിരിച്ചടി മറികടക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് കമറുദ്ദീന്റ കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും ആവശ്യമുന്നയിച്ചിരുന്നു. ഇതേ നിലപാടാണ് ഇപ്പോഴും നേതാക്കള്‍ക്കെന്നതാണ് പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് തങ്ങള്‍ ആരെയും സംരക്ഷിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ബിസിനസ് നടത്തുന്നതില്‍ കമറുദ്ദീന് ജാഗ്രത കുറവുണ്ടായി എന്നും ചെന്നിത്തല പറഞ്ഞു.