പ്രധാന വകുപ്പുകൾ വേണമെന്ന് ആവശ്യവുമായി ജെഡിയുവും ബിജെപിയും; ബിഹാറില്‍ എൻഡിഎ യോഗം ഇന്ന്
ബിഹാറിൽ സർക്കാർ രൂപീകരണ ചർച്ചക്കായി ഇന്ന് എൻ.ഡി.എ യോഗം ചേരും. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും. സർക്കാർ രൂപവത്കരണത്തെക്കുറിച്ച് പട്‌നയിലും ഡൽഹിയിലുമുള്ള ബി.ജെ.പി., ജെ.ഡി.യു. കേന്ദ്രങ്ങളിൽ തിരക്കിട്ട ചർച്ചകൾ തുടരുന്നതിനിടെയാണ് ഇന്ന് എൻ.ഡി.എ യോഗം ചേരുന്നത്. മുഖ്യമന്ത്രി നിതീഷ് ആയിരിക്കുമെങ്കിലും ആഭ്യന്തരം, ധനകാര്യം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈവശം വെക്കാനാണ് ബി.ജെ.പിയുടെ നീക്കം.
സർക്കാർ രൂപീകരണത്തിന് അവകാശവാദ മുന്നയിച്ച് ഗവർണറെ കാണല്‍, സത്യപ്രതിജ്ഞ തീയതി, സമയം, മന്ത്രിപദം, സ്പീക്കർ പദവി തുടങ്ങിയ ചർച്ച ചെയ്യാനാണ് എന്‍ഡിഎ യോഗം ചേരുന്നത്. ദീപാവലി കഴിഞ്ഞ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നീക്കം. മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ യോഗം തെരഞ്ഞെടുക്കും. ഉപമുഖ്യമന്ത്രി, ധനമന്ത്രി എന്നീ പദവികളില്‍ സുശീല്‍ മോദി തുടരും. ആഭ്യന്തരവും വിദ്യാഭ്യാസവും സ്പീക്കർ പദവിയും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. നല്‍കാന്‍ നിതീഷ് തയ്യാറല്ല.
മുഖ്യമന്ത്രി പദം നല്‍കിയതിനാല്‍ ജെഡിയുവിന് ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനാകില്ല. ജിതിൻ റാം മഞ്ചിയുടെ എച്ച്.എ.എമ്മും, വികാസ് ശീൽ പാർട്ടിയും മന്ത്രിപദം ആവശ്യപ്പെടും. എന്‍ഡിഎ യോഗത്തില്‍ മന്ത്രിപദം സംബന്ധിച്ച പ്രാഥമിക ചർച്ച നടത്തി പിന്നീട് പ്രത്യേക ചർച്ചകളിലൂടെ അന്തിമ തീരുമാനത്തിലെത്താനാണ് സാധ്യത. ബിജെപി, എച്ച്എഎം, വിഐപി എന്നീ പാർട്ടികളുടെ നേതാക്കളുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. എൽജെപിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബിജെപി തീരുമാനിക്കുമെന്നാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം.